കന്യാകുമാരി: ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര ടൺ ബീഡി ഇലകൾ കന്യാകുമാരി പൊലീസും, കോസ്റ്റൽ ഗാർഡ് പൊലീസും ചേർന്ന് പിടികൂടി. ബീഡി ഇലകൾ പിടികൂടിയതിനെ തുടർന്ന് രക്ഷപ്പെട്ടോടിയ രണ്ട് പേർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ആയിരുന്നു സംഭവം. കന്യാകുമാരിയിൽ നിന്ന് കടൽ മാർഗം ശ്രീലങ്കയിലേക്ക് മഞ്ഞൾ, പെട്രോൾ, റേഷൻ അരി തുടങ്ങിയവ കടത്തുന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ് കന്യാകുമാരി പൊലീസിനെയും, കോസ്റ്റൽ ഗാർഡ് പൊലീസിനെയും ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെ തിരുനെൽവേലിയിൽ നിന്ന് മിനി ടെമ്പോയിൽ കന്യാകുമാരി കടൽക്കര ഗ്രാമമായ ആരോഗ്യപുരം വഴി ശ്രീലങ്കയിലേക്ക് കടത്താനായി ബീഡി ഇലകൾ കൊണ്ട് വന്നത്. കന്യാകുമാരി കോസ്റ്റൽ ഗാർഡ് ഇൻസ്‌പെക്ടർ നവീനാണ് ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചത്.
advertisement
ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ അമിതവേഗത്തിൽ എത്തിയ ടെമ്പോയെ പൊലീസ് കൈകാണിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ഡ്രൈവർ നിർത്തിയില്ല. ഇതേത്തുടർന്ന് പിന്നാലെ പോയ പൊലീസ് അൽപദൂരത്തിനകം വാഹനത്തെ മറികടന്നു. ഇതോടെ ടെമ്പോ നിർത്തി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read- മോഷണം പോയ 405 ഫോണുകൾ കന്യാകുമാരി പൊലീസ് ഉടമകൾക്ക് കൈമാറി
തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിൽ 40 ചാക്കുകളിലായി ഒന്നര ടൺ ബീഡി ഇലകൾ കണ്ടെത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിൽ എടുത്ത പൊലീസ് ഓടിരക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.