തുടർന്ന് അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്ന് 3.7 കോടി രൂപ ഇവർ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും നിർദ്ദേശിച്ചു. ഓഡിറ്റ് ചെയ്‌ത ശേഷം ട്രാൻസ്ഫർ ചെയ്ത പണം അയാളുടെ അക്കൗണ്ടിലേക്ക് തന്നെ ക്രെഡിറ്റ് ചെയ്യുമെന്നും അവർ ഉറപ്പു നൽകിയിരുന്നു. കൂടാതെ ഉദ്യോഗസ്ഥന്റെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഉപയോഗിച്ച് അനധികൃത പരസ്യങ്ങൾ നൽകിയിട്ടുണ്ടെന്നും വിളിച്ചയാൾ അവകാശപ്പെട്ടു. എന്നാൽ അതിൽ നൽകിയിരിക്കുന്ന നമ്പർ തന്റേതല്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ ആധാർ കാർഡ് വിവരങ്ങൾ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും ധരിപ്പിച്ചു.
advertisement
പിന്നീട് മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റൊരാൾക്ക് ഫോൺ കൈമാറി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലും ഡൽഹിയിലും തങ്ങളെയും സിബിഐയെയും നേരിട്ട് വന്നു കാണണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതെല്ലാം വിശ്വസിപ്പിക്കാനായി തട്ടിപ്പ് സംഘം ഉദ്യോഗസ്ഥനെ വീഡിയോ കോളും ചെയ്തു. അതിൽ എല്ലാ ആളുകളും കാക്കി ധരിച്ച് ഇരിക്കുകയായിരുന്നുവെന്നും ലൊക്കേഷനിൽ ഒരു പോലീസ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു എന്നും ഇൻഫോസിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ ഉദ്യോഗസ്ഥരുടെ ഐഡി കാർഡുകളും ഇൻഫോസിസ് ഉദ്യോഗസ്ഥനെതിരെ നൽകിയ പരാതിയുടെ വ്യാജ പകർപ്പും ഇവർ കാണിച്ചു. ഇതെല്ലാം നേരിൽ കണ്ട് പരിഭ്രാന്തനായ ആൾ ഉടൻ തന്നെ അവർ പറഞ്ഞ എല്ലാ അക്കൗണ്ടുകളിലേക്കും പണം ട്രാൻസ്ഫർ ചെയ്ത് നൽകി. എന്നാൽ പിന്നീട് താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായി ഇദ്ദേഹം നവംബർ 25 ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കോളിന്റെ വിശദാംശങ്ങളും തട്ടിപ്പ് സംഘത്തിന്റെ മറ്റ് വിവരങ്ങളും ഉദ്യോഗസ്ഥൻ പോലീസിന് കൈമാറിയിട്ടുണ്ട്.
Also Read- Explained: സൈബർ ക്രൈം പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ ഏതൊക്കെ? എങ്ങനെ കേസ് ഫയൽ ചെയ്യാം?
സംഭവത്തിൽ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടും ഐപിസി 419, 420 എന്നീ വകുപ്പുകൾ പ്രകാരവും ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം നഷ്ടപ്പെട്ട പണം 3 കോടി രൂപയിലധികം ഉള്ളതിനാൽ, കേസ് സിഐഡിക്ക് കൈമാറുമെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനായി ബാങ്ക് ഉദ്യോഗസ്ഥരെയും സമീപിച്ചിട്ടുണ്ട്. ട്രായിയുടെയോ കൊറിയർ സർവീസ് കമ്പനികളുടെയോ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ പതിവാകുകയാണെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അത്തരം കോളുകൾ ലഭിക്കുന്നവർ തട്ടിപ്പുകാരോട് ഇക്കാര്യം പോലീസിൽ അറിയിക്കുമെന്ന് പറയണമെന്നും അഭിഭാഷകരുമായി ആലോചിച്ചതിന് ശേഷം മാത്രമേ ഇത്തരം കോളുകളോട് പ്രതികരിക്കാവൂ എന്നും പോലീസ് നിർദേശിച്ചു.