വടക്കന്‍ ഗോവയിലെ കന്‍ഡോളിമില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തിങ്കളാഴ്ച രാവിലെയാണ് പ്രതി സുചന സേഥ് ചെക്ക് ഔട്ട് ചെയ്തത്. തുടര്‍ന്ന് ഇവിടുത്തെ തൊഴിലാളികള്‍ മുറി വൃത്തിയാക്കുന്നതിനിടെയാണ് രക്തക്കറ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. തൊട്ടുപിന്നാലെ അപ്പാര്‍ട്ട്‌മെന്റ് അധികൃതർ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ കര്‍ണാടകയില്‍ തിരികെയെത്തിയ സുചനയെ ചിത്രദുര്‍ഗ ജില്ലയിലെ അമാന്‍ഗള പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റു ചെയ്തത്. ഗോവ പോലീസ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് നടപടി. ഗോവന്‍ പോലീസ് തിങ്കളാഴ്ച വൈകുന്നേരം കര്‍ണടകയിലെത്തി സൂചനയെ കസ്റ്റഡിയില്‍ എടുത്തു.
advertisement
പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെ സൈന്യം ഇടപെട്ട് സൈനിക ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരുവിലുള്ള മേല്‍വിലാസം ആണ് 39-കാരിയായ സുചന താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ നല്‍കിയതെന്ന് കലംഗുട്ട പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ പരേഷ് നായിക്കിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. എഐ സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എഐയുടെ (Mindful AI) സ്ഥാപകയും സിഇഒയുമാണ് സൂചന.
ബെംഗളൂരുവിലേക്ക് തിരികെ പോകാന്‍ ഒരു ടാക്‌സി വേണമെന്ന് ഇവർ ആവശ്യപ്പെട്ടതായി അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ വിമാനമാര്‍ഗം മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെങ്കിലും ടാക്‌സി വേണമെന്ന് അവര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഒരു ടാക്‌സി വിളിച്ചു നൽകി.
രക്തക്കറ കണ്ടതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അറിയിച്ചപ്രകാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പോലീസ് ഹോട്ടലില്‍ എത്തിയതായി നോര്‍ത്ത് ഗോവ എസ്പി നിധി വല്‍സന്‍ പറഞ്ഞു. പോലീസ് നടത്തിയ സിസിടിവി പരിശോധനയില്‍ മകനെ കൂടാതെ സുചന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ് വിടുന്നതായി കണ്ടെത്തി.
തുടര്‍ന്ന് പോലീസ് ഇവർ സഞ്ചരിച്ച ടാക്‌സി ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെടുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ മകനെ ഗോവയിലെ ഫറ്റോര്‍ഡയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് സൂചന പറഞ്ഞത്. സുഹൃത്തിന്റെ വീടിന്റെ മേല്‍വിലാസവും അവര്‍ പോലീസുമായി പങ്കുവെച്ചു. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് പോലീസ് വീണ്ടും ടാക്‌സി ഡ്രൈവറുമായി ബന്ധപ്പെടുകയും സുചന അറിയാതെ വണ്ടി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അപ്പോഴേക്കും ടാക്‌സി ചിത്രദുര്‍ഗ ജില്ലയില്‍ എത്തിയിരുന്നു. പോലീസ് നിര്‍ദേശിച്ച പ്രകാരം ടാക്‌സി ഡ്രൈവര്‍ ഐമന്‍ഗള പോലീസ് സ്‌റ്റേഷനിലേക്ക് വണ്ടി ഓടിച്ചു കയറ്റി. പോലീസ് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
സുചനയും ഭർത്താവും പിരിഞ്ഞാണ് കഴിയുന്നത്. മകനെ കാണാൻ ഭർത്താവിന് കോടതി അനുമതി നൽകിയിരുന്നു. എല്ലാ ഞായറാഴ്ച്ചയും മകനെ കാണാമെന്നായിരുന്നു അനുമതി. ഭർത്താവ് മകനെ കാണാതാരിക്കാനാണ് സുചന കൊലപാതകം നടത്തിയതെന്നാണ് സൂചന.
2010 ലായിരുന്നു സുചനയുടെ വിവാഹം. 2019 ൽ മകൻ ജനിച്ചു. 2020 ൽ വിവാഹമോചനവും നടന്നതായി വിവിധ റിപ്പോർട്ടുകൾ പറയുന്നു. പിരഞ്ഞു കഴിയുന്ന ഭർത്താവ് മകനെ കാണുന്നത് ഇല്ലാതാക്കാനാണ് മകനെ വകവരുത്തിയത്. ഇതിനായി മകനുമൊത്ത് ഗോവയിലേക്ക് ട്രിപ്പ് പദ്ധതിയിട്ടു. നോർത്ത് ഗോവയിൽ ഹോട്ടലിൽ മുറിയെടുത്ത ശേഷം കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.