സംഭവത്തിൽ കൊല്ലപ്പെട്ട നാസിർ അലിയുടെ സുഹൃത്തും അധ്യാപകനുമായ റിസ്‌വാൻ ഹസൻ മൊണ്ടാൽ, സഹായി സാഗർ ഗായൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡൽ പ്രാദേശിക ബൂത്ത് ലെവൽ ഓഫീസറായും (ബിഎൽഒ) ജോലി ചെയ്യുന്നുണ്ട്.
നാസിർ അലിയുടെ ഭാര്യയുമായി പ്രതി റിസ്‌വാനുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണം. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി വിവിധ ജലാശയങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.
ഫെബ്രുവരി 9-നാണ് നാസിർ അലിയെ കാണാതാകുന്നത്. SIR ആവശ്യത്തിനെന്നു പറഞ്ഞ് നാസിറിനെ ഫോണിൽ വിളിച്ച പ്രതി, അമ്മയുടെ ആധാർ കാർഡിന്റെയും വോട്ടർ ഐഡിയുടെയും പകർപ്പുമായി ലാൽകുതിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ നാസിറിനെ പ്രതികൾ ചേർന്ന് കൊലപ്പെടുത്തി. നാസിറിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കനാലിന് സമീപത്തുനിന്ന് നാസിറിന്റെ ഷൂസും യമുന കനാലിൽ നിന്ന് ബൈക്കും കണ്ടെടുത്തു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് റിസ്‌വാൻ പിടിയിലാകുന്നത്. പ്രതി കുറ്റം സമ്മതിച്ചതോടെ ശനിയാഴ്ച അർധരാത്രിയോടെ പോലീസ് വലിയ തിരച്ചിൽ നടത്തി.
advertisement
ചത്ര പാലത്തിന് താഴെയുള്ള യമുന കനാൽ, ഇച്ചാമതി പുഴ, ലാൽകുതിയിലെ ഒരു കുളം എന്നിവിടങ്ങളിൽ നിന്നാണ് അഴുകിത്തുടങ്ങിയ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും ഇത്രയും ക്രൂരമായ കൊലപാതകം റിസ്‌വാൻ എന്തിന് ചെയ്തു എന്ന ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
