കൊല്ലം: കൊട്ടാരക്കരയിൽ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി. കലയപുരം സ്വദേശി അഭിലാഷിന്റെ വീട്ടിൽ നിന്നുമാണ് ബൈക്ക് മോഷണം പോയത്.മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീടിന്റ മതിൽ ചാടി കടന്നെത്തിയ മോഷ്ടാവ് ബൈക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹാൻഡിൽ ലോക്ക് ചെയ്യാതെ വച്ചിരുന്ന ബൈക്ക് തള്ളിനീക്കി വീടിന് സമീപം കൊണ്ടുപോകുകയും ഗേറ്റ് തുറന്ന് ബൈക്ക് മോഷ്ടിച്ചു കടത്തുകയുമായിരുന്നു. പുലർച്ചെയാണ് ഗൃഹനാഥൻ അഭിലാഷ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.
advertisement
സമാനമായ രീതിയിൽ കലയപുരത്തു നിരവധി ബൈക്കുകൾ മോഷണം പോയതായുള്ള പരാതികൾ കൊട്ടാരക്കര പോലീസിൽ ലഭിച്ചിട്ടുണ്ട്. മോഷണം പോയ ബൈക്കുകൾ അധികവും നശിപ്പിച്ചതിന് ശേഷം റോഡരികിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.
Also Read- വീട്ടമ്മയുടെ ലൈഫ് പദ്ധതി പണത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ വി ഇ ഒ അറസ്റ്റിൽ
അഭിലാഷിന്റെ പേരിലുള്ള ബൈക്ക് ആയതിനാൽ മോഷ്ടാക്കൾ വാഹനം ദുരുപയോഗം ചെയ്യുമെന്നുള്ള ആശങ്കയും ഉണ്ട്. എത്രയും വേഗം നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അഭിലാഷ് കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.