പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാർ സരിത നൽകിയ പീഡനപരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ പറയുന്നു. പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിൽ രാസപദാർഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചതിനെത്തുടർന്ന് ചികിൽസ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു.
advertisement
രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാൽ, ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാർ ബഹളമുണ്ടാക്കിയപ്പോൾ പിറ്റേന്നു മുതൽ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞു. ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ റിസൾട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനു പരാതി നൽകിയത്.
Also Read- ഫുട്ബോൾ ഭ്രാന്തിനെതിരെ സമസ്ത; ‘ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തി നടക്കുന്നത് ശരിയല്ല’
പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി. വിനു കുമാറിന്റെ വീട്ടിൽ പരിശോധന നടത്തി. ചികിൽസിക്കുന്ന ഡോക്ടർമാരിൽനിന്നും വിവരം ശേഖരിച്ചു. വിനു കുമാറിന്റെ ഫോൺ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു. ശാസ്ത്രീയ പരിശോധന ആവശ്യമായതിനാൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നതിന് ശുപാർശ നൽകും. വിനു കുമാറിനു പുറമേ മറ്റു ചിലർക്കു കൂടി ഇതിൽ പങ്കാളിത്തമുണ്ടെന്നു സംശയിക്കുന്നതായി സരിത പറയുന്നു. സാമ്പത്തിക ലക്ഷ്യത്തോടെയാണ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചതെന്നും സരിത മൊഴി നൽകിയിട്ടുണ്ട്.
രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിനെ തുടർന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂർണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികിൽസയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പർശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണെന്നും സരിത പറഞ്ഞു.