കണ്ണൂര്‍ മാടായി പഞ്ചായത്ത് പുതിയങ്ങാടി സീവ്യൂവില്‍ പി.സി.ഷക്കീല്‍ (40) എന്നയാളെയാണ് ആലപ്പുഴ ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ശ്രീ.എസ്.വിദ്യാധരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എറണാകുളം തോപ്പുംപടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ബാങ്ക് വായ്പ കുടിശ്ശികയായി വരുന്ന വസ്തുക്കളുടെ ഉടമകളെ സമീപിച്ച് വസ്തു വാങ്ങാം എന്നറിയിക്കുകയാണ് ഇയാളുടെ പതിവ്. തുടര്‍ന്ന് മറ്റു ബാങ്കുകളെ സമീപിച്ച് ഈ വസ്തുവിനായി ഉയര്‍ന്ന വിലയ്ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ കരസ്ഥമാക്കും. കൂടാതെ പേപ്പര്‍ കമ്പനികള്‍ ഉണ്ടാക്കി രജിസ്റ്റര്‍ ചെയ്ത് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുക തുടങ്ങിയ തട്ടിപ്പ് രീതികളാണ് ഇയാള്‍ക്കുള്ളത്.
advertisement
കൂടാതെ ഡോക്ടര്‍ ഷക്കീല്‍ എന്ന പേരില്‍ ആളുകളെ പരിചയപ്പെട്ട് ബിസിനസ്സ് ആവശ്യം പറഞ്ഞ് ലക്ഷക്കണക്കിന് രൂപ കടം വാങ്ങിക്കുകയും ചെയ്തതായി വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഇയാളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് ഇയാളുടെ തട്ടിപ്പിന് ഇരയായ പലരും പരാതിയുമായി സമീപിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. നിരവധി ആളുകളുടെ ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകളും പലരുടേയും ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ 5 മാസമായി ഇയാള്‍ ഉപയോഗിച്ചിരുന്ന രജിസ്റ്റര്‍ ചെയ്യാത്ത കാറും പിടിച്ചെടുത്തു. ഇയാളുടെ വീട് പരിശോധിച്ചതില്‍ 186 പ്രാവശ്യം അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് പിഴ ആവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ കണ്ടെത്തി. അതില്‍ ഒന്നും തന്നെ പിഴ അടച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
കൂടാതെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ വെര്‍ച്യൂവല്‍ സിം ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ പല ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്തതായും നിരവധി ആളുകളെ ഈ ഫോണ്‍ മുഖേന ബന്ധപ്പെട്ടിട്ടുള്ളതായി പൊലീസ് കണ്ടെത്തി. കേസുമായി സംബന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അറിയിച്ചു.