ബബ്ലി ദേവിയുടെ പരേതനായ ഭർത്താവിനൊപ്പം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നയാളാണ് മുഖ്യപ്രതിയായ വികാസ്. രണ്ടര വർഷം മുൻപ് ഭർത്താവ് മരിച്ചതിനെത്തുടർന്ന് വികാസും ബബ്ലിയും ഡൽഹിയിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാൽ 2025 ഡിസംബറിൽ വികാസ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് ഇവർക്കിടയിൽ തർക്കം രൂക്ഷമായത്. വികാസ് തന്നോടൊപ്പം തന്നെ കഴിയണമെന്ന് ബബ്ലി നിർബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
മാർച്ച് 15-ന് ബബ്ലിയെ ബൈക്കിൽ ബുലന്ദ്ഷഹറിലെ തന്റെ ഗ്രാമത്തിലേക്ക് വികാസ് തന്ത്രപൂർവ്വം വിളിച്ചുവരുത്തി. അവിടെവെച്ച് വികാസും ബന്ധുവായ സച്ചിനും സുഹൃത്ത് അമനും ചേർന്ന് മദ്യപിച്ച ശേഷം ബബ്ലിയെ വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് ബബ്ലിയെ പിടിച്ചുവെച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് തലയറുക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ ഉടൽ കനാലിന് സമീപം ഉപേക്ഷിക്കുകയും തല 500 മീറ്റർ അകലെ ദൂരേക്ക് എറിയുകയും ചെയ്തു.
advertisement
മാർച്ച് 15-ന് അഴുകിയ നിലയിൽ കണ്ടെത്തിയ ഉടൽ തിരിച്ചറിയാത്തതിനെത്തുടർന്ന് 18-ന് പോലീസ് തന്നെ സംസ്കരിച്ചിരുന്നു. എന്നാൽ പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മൃതദേഹത്തിന്റെ ചിത്രം കണ്ട് ബബ്ലിയുടെ അമ്മയും മക്കളും ബന്ധുക്കളും പോലീസിനെ സമീപിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.
കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതിരിച്ചുവിടാൻ വികാസ് തന്നെ പരാതി നൽകിയിരുന്നു. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ വികാസിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കൊലപാതകം നടന്ന സമയത്ത് ഇയാൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി വ്യക്തമായി. തുടർന്ന് ഗാസിയാബാദിലെ മുരാദ് നഗറിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ബൈക്കും പോലീസ് കണ്ടെടുത്തു.
