ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് വൈകീട്ടോടെ രണ്ട് താറാവിനെ വാങ്ങി കറിവെക്കുകയും മദ്യവും ചപ്പാത്തിയും വാങ്ങിക്കുകയും ചെയ്തശേഷമാണ് ഇവർ ബിന്ദുകുമാറിനെ വിളിച്ചുവരുത്തിയത്. എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനിടെ ഫോണ്‍ വന്നപ്പോള്‍ മുത്തുകുമാര്‍ വീടിന് പുറത്തേക്കു പോയി. പത്തുമിനിട്ടിലേറെ ഫോണിൽ സംസാരിച്ച് തിരിച്ചെത്തിയപ്പോൾ ബിന്ദുകുമാര്‍ മര്‍ദ്ദനമേറ്റ് മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ബിബിനും ബിനോയിയും ചേർന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൃതദേഹം വീടിനുള്ളിൽ കുഴിച്ചിടാൻ സഹായിച്ചതെന്നും മുത്തുകുമാർ പൊലീസിനോട് പറഞ്ഞു. മുത്തുകുമാര്‍ അയല്‍ വീട്ടിൽനിന്ന്, തൂമ്പയും കമ്പിപ്പാരയും വാങ്ങി. അടുക്കളയ്ക്ക് പിന്നിലെ ഷെഡില്‍ സ്ലാബ് ഇളക്കി കുഴിയെടുത്ത് മൃതദേഹം അതിലിട്ടു മൂടി. തുടര്‍ന്ന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുകയുമായിരുന്നു.
advertisement
Also Read-ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തറയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കഴിഞ്ഞദിവസം വൈകീട്ട് പ്രതി മുത്തുകുമാറിനെയും കൊണ്ടു നടത്തിയ തെളിവെടുപ്പില്‍, ബിന്ദുകുമാറിനെ കുഴിച്ചുമൂടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ബിന്ദുകുമാറിന്‍റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഒളിപ്പിച്ചത് ബിബിനും ബിനോയിയും ചേർന്നാണെന്നും മുത്തുകുമാർ പൊലീസിനോട് പറഞ്ഞു.
അതേസമയം ബിന്ദുകുമാറിനെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഒളിവിലുള്ള ബിബിനും ബിനോയിയും കഞ്ചാവ് കേസിലടക്കം പ്രതികളാണ്. ഇവരെ പിടികൂടി മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താലേ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു.