കൊച്ചി തേവരയിൽ ഷിപ്പ് യാര്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ വ്യൂ ഹോട്ടല്‍ കഴിഞ്ഞ ദിവസമാണ് നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ വൻ പ്രചാരണം നടന്നിരുന്നു. ഫ്ലൈ ഹൈ എന്ന ബാറിനായി സിനിമാ താരങ്ങളെ അടക്കം അണിനിരത്തിയുള്ള പരസ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ബാറിനൊപ്പം വിദേശ നർത്തകിമാരെ രംഗത്തെത്തിച്ചുള്ള നൃത്തവിരുന്നുകളുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെ ഇന്നലെ രാത്രി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തി. മദ്യ വിതരണത്തിന് യുവതികളെ അടക്കം നിയോഗിക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ കേസെടുത്ത് മാനേജരെ അറസ്റ്റ് ചെയ്ത്. സ്ത്രീകളെ മദ്യം വിളമ്പാൻ നിയോഗിക്കുന്നത് അബ്കാരി ചട്ടലംഘനമാണെന്ന് എക്സൈഡ് ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഇത് കണ്ടെത്തിയതോടെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.
advertisement
ഹോട്ടൽ ബാറിലെ മദ്യത്തിൻ്റെ സ്റ്റോക്ക് സംബന്ധിച്ച് കൃത്യമായ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നും പരിശോധയിൽ വ്യക്തമായിരുന്നു. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തുടര്‍ നടപടിക്കായി എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോർട്ട് നല്‍കും. എന്നാല്‍ അബ്കാരി ചട്ടത്തില്‍ സത്രീകളെ മദ്യം വിളമ്പുന്നതിന് നിയോഗിക്കാന്‍ പാടില്ലെന്നാണെങ്കിലും ഹൈക്കോടതി അനുമതിയുണ്ടെന്നാണ് ഹോട്ടല്‍ അധൃകൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും ബാധകമല്ലെന്നാണ് എക്സൈസ് നിലപാട്.
നേരത്തെ ബിവറേജസ് കോർപറേഷനിൽ ജോലി നിഷേധിക്കുന്നതിനെതിരെ യുവതി നൽകിയ ഹർജിയിൽ മദ്യവിതരണ ശാലകളിൽ സ്ത്രീകൾക്ക് ജോലി നിഷേധിക്കുന്നത് നിയമപരമായി ശരിയല്ലെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ തുല്യത ഉറപ്പു വരുത്തണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് ബിവറേജസ് ഔട്ലെറ്റുകളിൽ സ്ത്രീകൾക്ക് ജോലി നൽകുകയും ചെയ്തു. ഇക്കാര്യവും ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിൽപ്പനശാലകൾക്കുള്ള നിയമം ബാർ ഹോട്ടലുകളിൽ ബാധകമല്ലെന്ന് എക്സൈസ് പറയുന്നു. സ്ത്രീകളെ ബാറുകളിൽ വിളമ്പുകാരാക്കണമെങ്കിൽ അബ്കാരി ചട്ടങ്ങളിൽ ഭേദഗതി അനിവാര്യമാണെന്നും എക്സൈസ് ചൂണ്ടിക്കാട്ടുന്നു. ഹോട്ടലിൻ്റെ ബാർ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് എക്സൈസ് നീങ്ങുന്നതായാണ് സൂചന.
അതിനിടെ ഹോട്ടലിൽ വിദേശ വനിതകളെ മദ്യം വിളമ്പാൻ നിയോഗിച്ചതിനു പിന്നിൽ വിസാ ചട്ടങ്ങളുടെ ലംഘനമുണ്ടോയെന്നും പരിശോധന നടത്തും. നൃത്ത പരിപാടികൾ നടത്തിയ കലാകാരികളും വിളമ്പാൻ നിയോഗിക്കപ്പെട്ട ജീവനക്കാരികളും ഏതാവശ്യത്തിനായാണ് കേരളത്തിൽ എത്തിയതെന്ന് പരിശോധിക്കും.