സുഹൃത്തുമായുള്ള വിവാഹത്തിന് സ്ത്രീധനം തടസമായതിന്‍റെ മനോവിഷമത്തിൽ ഷഹ്ന ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് വരന്‍റെ വീട്ടുകാർ 150 പവനും 15 ഏക്കർ സ്ഥലവും ബി എം ഡബ്ല്യു കാറുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ഷഹ്നയെ മെഡിക്കൽ കോളേജിന് സമീപത്തെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സഹപാഠികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ത്രീധനം നൽകാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ജീവനൊടുക്കുന്നുവെന്ന ഷഹ്നയുടെ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പിതാവ് മരിച്ചുപോയതിനാൽ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
advertisement
Also Read- തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഫ്ലാറ്റ് മുറിയിൽ മരിച്ച നിലയിൽ
സുഹൃത്തുമൊത്തുള്ള ഷഹ്നയുടെ വിവാഹം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ വിവാഹം നടത്തുന്നത് സംബന്ധിച്ച ചർച്ചകളിലേക്ക് എത്തിയപ്പോൾ, യുവാവിന്‍റെ വീട്ടുകാർ ഉയർന്ന സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ഉയർന്ന സാമ്പത്തികസ്ഥിതി ഉണ്ടെങ്കിലും യുവാവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാനുള്ള ശേഷി ഷഹ്നയുടെ വീട്ടുകാർക്ക് ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു.
ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിൻമാറി. ഇതിന്‍റെ മനോവിഷമത്തിലായിരുന്നു ഷഹ്നയെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടുവർഷം മുമ്പാണ് ഷഹ്നയുടെ പിതാവ് മരിച്ചത്. ഷഹ്നയ്ക്ക് രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകി.