2026 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ലിഫ്റ്റിൽ കയറിയപ്പോൾ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമായി അടുത്ത് ഇടപഴകി. ലിഫ്റ്റിനുള്ളിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ മൂന്ന് മാസങ്ങൾക്ക് ശേഷം മാർച്ച് 9-നാണ് ദൃശ്യങ്ങൾ പുറത്തായ വിവരം യുവതി അറിയുന്നത്. മാർക്കറ്റിൽ പോയ സമയത്ത് ചിലർ തന്നെ നോക്കി പരിഹസിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതിയെ ഒരു അയൽവാസിയാണ് ദൃശ്യങ്ങൾ വൈറലായ വിവരം അറിയിച്ചത്.
സൊസൈറ്റിയിലെ സിസിടിവി കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ കുടുംബാംഗമാണ് ദൃശ്യങ്ങൾ ചോർത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബാക്കപ്പ് സെർവറിൽ നിന്ന് ദൃശ്യങ്ങൾ കൈക്കലാക്കി സൊസൈറ്റിയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും സുഹൃത്തുക്കൾക്കും ഇവർ അയച്ചു നൽകുകയായിരുന്നു. വ്യക്തിപരമായ വിരോധമാണോ ഇതിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
advertisement
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സാക്കിനാക്ക പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ആരെല്ലാം കാണണമെന്നും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്നും കൃത്യമായ നിയമങ്ങളുണ്ടായിരിക്കെ അത് ലംഘിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
