മധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ സാഗറിലും ഭോപ്പാലിലുമായിട്ടാണ് ആറ് ദിവസത്തിനുള്ളില്‍ നാല് കൊലപാതകങ്ങള്‍ നടന്നത്. കൊല്ലപ്പെട്ട നാലുപേരും സെക്യൂരിറ്റി ജീവനക്കാരായിരുന്നു. വെറും 18 വയസ്സുള്ള യുവാവാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍. ചെറുപ്പം മുതലുള്ള അടങ്ങാത്ത ദേഷ്യമാണ് വലുതായപ്പോള്‍ യുവാവിനെ കൊലപാതകിയാക്കി മാറ്റിയത്. ശിവ, ഹല്‍കു എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശിവപ്രസാദ് ധുര്‍വെയാണ് 18കാരനായ കൊലപാതകി. ആധാര്‍ കാര്‍ഡിന്റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. സാഗര്‍ ജില്ലയിലെ കെക്രാ ഗ്രാമത്തിലാണ് ശിവപ്രസാദ് താമസിച്ചിരുന്നത്.
advertisement
ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റി ജീവനക്കാരായിരുന്നു ഇയാളുടെ ഇരകൾ. സാഗര്‍ ജില്ലയില്‍ നിന്ന് മൂന്ന് പേരെയും ഭോപ്പാലില്‍ നിന്ന് ഒരാളെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യത്തെ മൂന്ന് കൊലപാതകങ്ങളും 72 മണിക്കൂറിനുള്ളിലാണ് നടത്തിയത്. നാലാമത്തെ ഇരയെ ഭോപ്പാലില്‍ നിന്നാണ് കിട്ടിയത്. ശിവപ്രസാദ് പിടിക്കപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടത്.
ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള പ്രധാപ്പെട്ട കൊലപാതക പരമ്പരകളും അവയുടെ വിശദാംശങ്ങളും അറിയാം
സയനൈഡ് മോഹന്‍
മോഹന്‍ കുമാര്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അവര്‍ക്ക് ഗര്‍ഭ നിരോധന ഗുളികകള്‍ക്ക് പകരം സയനൈഡ് ഗുളികകള്‍ നല്‍കുന്നതാണ് ഇയാളുടെ രീതി. 2005നും 2009നും ഇടയില്‍ ഏകദേശം 20 സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ബാങ്ക് തട്ടിപ്പ് അടക്കമുള്ള സാമ്പത്തിക തട്ടിപ്പുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് കണ്ടെത്തി. 2013ല്‍ ഡിസംബറില്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു കൊണ്ട് കോടതി ഉത്തരവിട്ടു.
സ്ത്രീധനം കൊടുക്കാന്‍ കഴിയാത്തതിനാൽ വിവാഹം കഴിക്കാന്‍ സാധിക്കാത്ത സ്ത്രീകളെ പ്രലോഭിച്ചായിരുന്നു ഇയാള്‍ കൊല നടത്തിയിരുന്നത്. സയനൈഡ് ഗുളികകള്‍ നല്‍കി സ്ത്രീകളെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതും പതിവായിരുന്നു.
നിതാരി കാന്ത്
2005, 2006 വര്‍ഷങ്ങളിലായി യുപിയിലെ നിതാരി ഗ്രാമത്തിനടുത്തുള്ള നോയിഡ സെക്ടര്‍ 31ലെ വ്യവസായി ആയ മൊനീന്ദര്‍ സിംഗ് പന്ദറിന്റെ വീട്ടിലാണ് ഈ കൊലപാതകങ്ങള്‍ നടന്നത്. നിതാരി കൊലപാതക പരമ്പര എന്നാണ് ഈ കൊലപാതകങ്ങള്‍ അറിയപ്പെടുന്നത്.
അഞ്ച് കേസുകളില്‍ രണ്ടെണ്ണത്തില്‍ പ്രതിയായ മൊനീന്ദര്‍ സിംഗ് ശിക്ഷിക്കപ്പെട്ടു. ഇയാളെ സഹായിച്ച വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലി പതിനാറ് കേസുകളില്‍ പത്തെണ്ണത്തില്‍ ശിക്ഷിക്കപ്പെട്ടു. ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു.
2006 ഡിസംബറില്‍ രണ്ട് നിതാരി ഗ്രാമവാസികള്‍ കാണാതായ കുട്ടികളെക്കുറിച്ചും അവരുടെ അവശിഷ്ടങ്ങള്‍ എവിടെയാണ് ഉള്ളതിനെക്കുറിച്ചും ചില കണ്ടെത്തലുകൾ നടത്തി. ഇരുവരുടെയും പെൺമക്കളെയും കാണാതായിരുന്നു. ഡി 5 ലെ വീട്ടുജോലിക്കാരനായ സുരീന്ദർ കോലിക്ക് തിരോധാനത്തിൽ പങ്കുണ്ടെന്ന് ഇവർ സംശയിച്ചിരുന്നു. ഹൗസ് നമ്പര്‍ D5, സെക്ടര്‍ 31ലെ വീടിന് പുറകിലെ വാട്ടര്‍ ടാങ്കിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പരാതിയുമായി ചെന്ന തങ്ങളെ പ്രാദേശിക അധികൃതർ അവഗണിച്ചതായി ഇരുവരും ആരോപിച്ചു. അതിനാല്‍ അവര്‍ മുന്‍ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് സി മിശ്രയുടെ സഹായം തേടി.
മിശ്രയും പരാതിക്കാരും ചേര്‍ന്ന് ടാങ്ക് പരിശോധിച്ചു. ഇതില്‍ നിന്ന് ജീര്‍ണ്ണിച്ച ഒരു കൈ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഈ സംഭവത്തോടെ കുഞ്ഞുങ്ങളെ കാണാതായ മറ്റ് രക്ഷിതാക്കളും കുട്ടികളുടെ ഫോട്ടോകളുമായി നിതാരിയിൽ എത്തി. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ആറ് കുഞ്ഞുങ്ങളെയും 20 വയസ്സുള്ള സ്ത്രീയെയും കൊലപ്പെടുത്തിയതായി കോലി സമ്മതിച്ചു. സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമായിരുന്നു കൊലപ്പെടുത്തിയത്.
ഡിസംബര്‍ 26, 27 തീയതികളിലായി കോലിയും യജമാനന്‍ മൊനീന്ദര്‍ സിംഗും മറ്റൊരു തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കോലിയുടെ കുറ്റസമ്മതത്തെ തുടര്‍ന്ന് തൊട്ടടുത്തുള്ള പ്രദേശത്ത് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ മൃതദേഹങ്ങളും കണ്ടെത്തി. ചൈല്‍ഡ് പോണോഗ്രഫി റാക്കറ്റ്, അവയവ കച്ചവടം, മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുക, മൃതദേഹം ഭക്ഷിക്കുക തുടങ്ങിയ നിരവധി വിശദാംശങ്ങളാണ് പിന്നീട് പുറത്തു വന്നത്.
ചാള്‍സ് ശോഭരാജ്: ബിക്കിനി കില്ലര്‍
1975-76 കാലഘട്ടത്തിലാണ് ചാള്‍സ് ശോഭരാജ് തെക്കു കിഴക്കന്‍ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലായി ഏകദേശം 12 പേരെ കൊലപ്പെടുത്തിയത്. ഇരകളെ കൊന്ന് ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടി അവരുടെ പണം കൊള്ളയടിയ്ക്കുന്നതാണ് ഇയാളുടെ രീതി. ഒരു പ്രശ്‌നത്തില്‍ ഇരയെ കൊണ്ട് ചാടിച്ച് അതില്‍ നിന്നും ഇയാള്‍ തന്നെ അവരെ രക്ഷിക്കും. അതിലൂടെ അവരുടെ അടുത്തുകൂടി വിശ്വാസം നേടിയെടുത്താണ് ഇയാള്‍ കൊലനടത്തിയിരുന്നത്.
ബിക്കിനി അണിഞ്ഞ രണ്ട് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാള്‍ ബിക്കിനി കില്ലര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. 1976 മുതല്‍ 1997 വരെ ഇയാള്‍ ഇന്ത്യന്‍ ജയിലില്‍ തടവിലായിരുന്നു. പിന്നീട് 2004ല്‍ നേപ്പാളില്‍ വെച്ച് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. നിലവില്‍ തന്റെ രണ്ടാമത്തെ ജീവപര്യന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഡല്‍ഹിയിലെ കശാപ്പുകാരന്‍
ദേശീയ തലസ്ഥാനത്ത് നടന്ന ഒരു കൊലപാതക പരമ്പരയാണിത്. മൃതദേഹങ്ങള്‍ വെട്ടി നുറുക്കി വലിച്ചെറിയുന്നതായിരുന്നു ചന്ദ്രകാന്ത് ഝാ എന്ന കൊലയാളിയുടെ രീതി. പൊലീസിനെ വെല്ലുവിളിക്കാനും ഇയാള്‍ ഇഷ്ടപ്പെട്ടിരുന്നു.
കിഴക്കന്‍ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായിരുന്നു ഝാ 1998ലാണ് ആദ്യകൊലപാതകം നടത്തിയത്. അറസ്റ്റ് ചെയ്ത് നാല് വര്‍ഷത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഇയാളെ വെറുതെ വിട്ടു. 1998നും 2007നും ഇടയിലുള്ള കാലഘട്ടത്തില്‍ ഡല്‍ഹിയിലെ 18 പേരെയാണ് ഇയാള്‍ കൊന്നു തള്ളിയത്. ആദ്യ കൊലപാതകത്തിന് പിന്നാലെ ജയിലില്‍ കിടന്നതിന് ശേഷം 2002ല്‍ പുറത്തിറങ്ങിയാണ് ഇയാള്‍ രാജ്യത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയിലേയ്ക്ക് നീങ്ങിയത്. 2003ല്‍ ശേഖര്‍, ഉമേഷ് എന്നിവര്‍, 2005ല്‍ ഗുഡ്ഡു, 2006ല്‍ അമിത്, 2007ൽ ഉപേന്ദര്‍ ദലിപ് എന്നിവരെയാണ് ചന്ദ്രകാന്ത് വെട്ടിനുറുക്കിയത്.
ആദ്യം ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുമായി ഇയാള്‍ സൗഹൃദം സ്ഥാപിക്കുകയും ചെറിയ ജോലികള്‍ കണ്ടെത്തുന്നതിന് അവരെ സഹായിക്കുകയും ചെയ്യും. പിന്നീട് ചെറിയ കാരണങ്ങൾ പറഞ്ഞ് അവരോട് വഴക്കിട്ട് കഴുത്ത് ഞെരിച്ച് കൊല്ലും.
നുറുക്കിയ ശരീരഭാഗങ്ങള്‍ ഒരു കുറിപ്പോട് കൂടിയാണ് ഇയാള്‍ ഉപേക്ഷിക്കാറുള്ളത്. തീഹാര്‍ ജയിലിന് പുറത്തു വരെ ഇയാൾ ഇത്തരത്തില്‍ ഭാഗങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. കുറുപ്പുകളില്‍ പൊലീസിനെ പരിഹസിക്കുകയും ചെയ്യുമായിരുന്നു. 2013 ഫെബ്രുവരിയില്‍ മൂന്ന് കൊലപാതക കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷയും മരണം വരെ തടവും വിധിച്ചു.
2016ല്‍ ഇയാളുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി. എന്നാല്‍ പരോള്‍ ലഭിക്കില്ല. 2022 ജനുവരിയില്‍ ഇയാളുടെ പരോള്‍ അപേക്ഷ നിരസിക്കപ്പെട്ടു.
രാമന്‍ രാഘവ്
1960കളില്‍ മുംബൈയിലെ ചേരി നിവാസികളുടെ പേടി സ്വപ്‌നമായിരുന്നു 'സൈക്കോ രാമന്‍' എന്നറിയപ്പെട്ടിരുന്ന രാമന്‍ രാഘവ്. ഇരകളെ വടികൊണ്ട് അടിച്ചു കൊല്ലുന്നതായിരുന്നു ഇയാളുടെ രീതി.
അറസ്റ്റിലാകുമ്പോള്‍ ഇയാള്‍ക്ക് സ്‌കീസോഫ്രീനിയ എന്ന മാനസിക അസുഖമായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 23 പേരെ കൊലപ്പെടുത്തിയിരുന്നതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 1995ല്‍ വൃക്ക തകരാറിലായതിനെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചത്.
1968 ആഗസ്റ്റില്‍ നിരവധി കൊലപാതകങ്ങളാണ് മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ നടന്നത്. ചേരികളിലും റോഡരികിലും കിടന്നുറങ്ങുന്ന ആളുകളാണ് ഇരകളായത്. രാത്രികാലങ്ങളിലായിരുന്നു കൊല.
സംശയത്തിന്റെ പേരിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ മോഷണക്കേസില്‍ ഇയാള്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 1968ല്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് ശേഷമാണ് പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയത്.
അന്നത്തെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് സിഐഡി (ക്രൈം) രമാകാന്ത് കുല്‍ക്കര്‍ണി അന്വേഷണം ഏറ്റെടുക്കുകയും നഗരവ്യാപകമായി വന്‍ ഓപ്പറേഷന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ ശ്രമത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. സെന്‍ട്രല്‍ റെയില്‍ വേ പാതയില്‍ 41 പേരെ കൊലപ്പെടുത്തിയതായും 1968ല്‍ നഗര പ്രദേശങ്ങളില്‍ ഏകദേശം 12 പേരെ കൊലപ്പെടുത്തിയതായും ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു.