ഭോപ്പാൽ: മധ്യപ്രദേശിൽ നാല് പേരെ കൊലപ്പെടുത്തിയ പതിനെട്ടുകാരൻ പൊലീസ് പിടിയിൽ. ആറ് ദിവസത്തിനിടയിലാണ് നാല് സെക്യൂരിറ്റി ജീവനക്കാരെ യുവാവ് കൊലപ്പെടുത്തിയത്. ശിവപ്രസാദ് ധ്രുവേ എന്നയാളാണ് പിടിയിലായത്. ശിവ, ഹൽകു എന്നും ഇയാൾ അറിയപ്പെടുന്നു.
വെള്ളിയാഴ്ച്ചയാണ് ശിവപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള കേക്ര സ്വദേശിയാണ് ഇയാൾ. സാഗർ ജില്ലയിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരേയും ഭോപ്പാലിലെ ഒരാളെയുമാണ് ശിവപ്രസാദ് കൊലപ്പെടുത്തിയത്.
ഉറങ്ങുന്നതിനിടയിൽ ആക്രമിച്ചു കൊല്ലുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. 72 മണിക്കൂർ വ്യത്യാസത്തിലാണ് ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾ നടത്തിയത്. നാലാമത്തെ കൊലപാതകം നടത്തി മണിക്കൂറുകൾക്കുള്ളിൽ ശിവപ്രസാദ് അറസ്റ്റിലായി.
Also read: കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം പുഴയിൽ കണ്ടെത്തി
എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ശിവപ്രസാദ് കുട്ടിക്കാലം മുതൽ അക്രമവാസനയുണ്ടായിരുന്നതായി ഇയാളുടെ നാട്ടുകാർ പറയുന്നു. സ്കൂൾ കാലത്ത് കൂട്ടുകാർ ഉണ്ടായിരുന്നില്ലെന്നും ആളുകളിൽ നിന്ന് മാറി ഒറ്റപ്പെട്ടായിരുന്നു നടന്നിരുന്നതെന്നും പ്രദേശവാസികൾ പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോർട്ടിൽ പറയുന്നു. ശിവ എന്ന് വിളിച്ചിരുന്ന ശിവപ്രസാദ് കുട്ടിക്കാലം മുതൽ കടുത്ത ദേഷ്യം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന്റെ കാരണം അജ്ഞാതമായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മൂന്ന് സഹോദരങ്ങളുടെ അനുജനായിരുന്നു ശിവപ്രസാദ്. മൂത്ത സഹോദരൻ പൂനെയിൽ തൊഴിലാളിയാണ്. രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. സ്വന്തമായുള്ള 1.5 ഏക്കറിൽ കൃഷി ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയിരുന്നത്.
Also read: ഷേവിംഗ് കത്തി ഉപയോഗിച്ച് യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി തൃശൂരില്‍ പിടിയില്‍/a>
കേക്രയിലെ സാധാരണ സ്കൂളിൽ വിദ്യാഭ്യാസം നേടിയ ശിവ സ്കൂളിലും വഴക്കാളിയായിരുന്നുവെന്നും സഹപാഠികളുമായി സ്ഥിരമായി വഴക്കിട്ടിരുന്നതായും നാട്ടുകാർ പറയുന്നു. എങ്കിലും നാല് പേരെ കൊല്ലാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നാണ് ഇവർ പറയുന്നത്.
അഞ്ച് വർഷം മുമ്പ് വീട്ടിൽ നിന്നും ഓടിപ്പോയ ശിവ പൂനെയിൽ ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചു. ഈ സമയത്ത് ഇടയ്ക്ക് വീട്ടിൽ സന്ദർശനവും നടത്തി. ഇവിടെ വെച്ച് ഹോട്ടൽ ഉടമയുമായി വഴക്കുണ്ടാകുകയും കടുത്ത മർദനമേറ്റ ശിവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഏതാനും നാൾ നിർഗുണപരിഹാര പാഠശാലയിലായിരുന്നു ശിവ.
ഇതിനുശേഷം വീണ്ടും നാട്ടിൽ തിരിച്ചെത്തിയ ശിവ പിന്നീട് ഗോവയിലേക്ക് പോയി. ഗോവയിൽ നിന്ന് അത്യാവശ്യം ഇംഗ്ലീഷ് ഭാഷയും പഠിച്ചു. രക്ഷാ ബന്ധൻ ദിനമായ ആഗസ്റ്റ് 11 നാണ് അവസാനമായി വീട്ടിൽ എത്തിയതെന്ന് ശിവയുടെ അമ്മ സീതാഭായ് പറഞ്ഞു.
തിരിച്ചു മടങ്ങുമ്പോൾ വീട്ടുകാരോട് താൻ ഉടൻ 'പ്രശസ്തനാകു'മെന്ന് പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ നിന്നും സൈക്കിളിൽ 60 കിലോമീറ്റർ യാത്ര ചെയ്താണ് ഭോപ്പാലിൽ എത്തിയത്. ഭോപ്പാലിൽ മോട്ടി നഗർ എന്ന സ്ഥലത്ത് ആഗസ്റ്റ് 25 ന് ഹോട്ടലിൽ റൂം എടുത്തു.
ആഗസ്റ്റ് 28 നാണ് ആദ്യ കൊലപാതകം നടത്തിയത്. സ്ഥലത്തുള്ള ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായ കല്യാൺ ലോധി(50) ഹാമർ ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു. സ്ഥലത്തുള്ള ആർട്സ് ആന്റ് കൊമേഴ്സ് കോളേജിലെ സുരക്ഷാ ജീവനക്കാരനായ നാരായൺ ദുബേ(60) നെയാണ് രണ്ടാമതായി കൊലപ്പെടുത്തിയത്. കല്ലു കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. വടി ഉപയോഗിച്ചാണ് മൂന്നാമത്തെയാളായ മംഗൾ അഹിർവാറിനെ കൊന്നത്.
ഇതിനു ശേഷം ഭോപ്പാലിലെത്തിയ ശിവപ്രസാദ് മാർബിൾ ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു വർമ(23) മാർബിൾ കഷ്ണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി.
കൊലപ്പെടുത്തിയവരുടെ മൊബൈൽ ഫോണുകളും ഇയാൾ കൈവശം വെച്ചിരുന്നു. ഇതിൽ നിന്നും ലൊക്കേഷൻ കണ്ടെത്തിയാണ് പൊലീസ് ശിവപ്രസാദിനെ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Madhyapradesh, Serial killer