എക്സൈസ് നടത്തിയ പരിശോധനയിൽ ഈരാറ്റുപേട്ട തീക്കോയി ലാണ് വാറ്റ് ചാരായം ആയി രണ്ടുപേർ പിടിയിൽ ആയത്. ജോൺ ഹോനായി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പള്ളിക്കുന്നേൽ റോയി ജോസഫ്, മിൽമ കുഞ്ഞ് എന്നറിയപ്പെടുന്ന ചിറ്റേത്ത് ആന്റണി ജോസഫ് എന്നിവരെയാണ് എക്സൈസ് ഇന്ന് പൂട്ടിയത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ജോൺ ഹോനായിയേയും, മിൽമ കുഞ്ഞിനെയും പിടിക്കാൻ ആയത്. ഇരുവരും ഈ മേഖലയിൽ ആകെ വ്യാജ ചാരായം കറങ്ങി നടന്ന് വിൽക്കുന്നതായി ആണ് എക്സൈസ് കണ്ടെത്തിയത്. 45 വയസ്സുകാരനായ ജോൺ ഹോനായിയും 52 വയസ്സുകാരനായ മിൽമ കുഞ്ഞും സംയുക്തമായാണ് വാറ്റ് ചാരായം ഉണ്ടാക്കുന്നത്.
advertisement
Also Read-കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
ഇവർ ഇരുവരും ചേർന്ന് പ്രദേശത്താകെ കൊണ്ടുനടന്ന് ചാരായം വിൽക്കുന്നു എന്നായിരുന്നു എക്സൈസിന് ലഭിച്ച വിവരം. മിൽമ കുഞ്ഞ് തീക്കോയി മേഖലയിൽ പാൽ കച്ചവടക്കാരനാണ്. ഓട്ടോറിക്ഷയിൽ ആവശ്യക്കാർക്ക് പാൽ എത്തിച്ച് നൽകുന്ന രീതിയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് ഇപ്പോൾ വാറ്റ് ചാരായം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് കച്ചവടം നടത്തിയത്. തീക്കോയി മേഖലയിൽനിന്ന് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ടൂറിസം കേന്ദ്രമാണ് പ്രസിദ്ധമായ വാഗമൺ.
ഇവിടെ വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ ജോൺ ഹോനായിയും മിൽമ കുഞ്ഞും വാറ്റുചാരായം വിറ്റിരുന്നു എന്നാണ് എക്സൈസ് കണ്ടെത്തിയത്. ഇതിനു സമീപം തന്നെയുള്ള മാർമല ടൂറിസം കേന്ദ്രത്തിലും ഇരുവരും വ്യാപകമായി മദ്യം എത്തിച്ച് വിതരണം ചെയ്തിരുന്നു. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രണ്ടുപേരെയും കുടുക്കാന്‍ എക്സൈസിന് കഴിഞ്ഞത്.
Also Read-കോട്ടയം കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പട്ടാപ്പകൽ പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്
ഇരുവരും സംയുക്തമായി നടത്തിയ മദ്യക്കച്ചവടം വലിയ രീതിയിലേക്ക് വ്യാപിച്ചു എന്നാണ് എക്സൈസ് വിലയിരുത്തൽ. പല ക്രിമിനൽ കേസുകളിലും പ്രതികളായിരുന്നു ഇവരെ സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. വാറ്റുചാരായം എത്തിക്കാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വിശാഖ് വി പിള്ള, ഷാഡോ എക്സൈസ് അംഗങ്ങളായ വിശാഖ് കെവി, നൗഫൽ കെ കരീം എന്നിവരാണ് വാറ്റുകാരെ പിടിക്കാൻ നേതൃത്വം നൽകിയത്.
എക്സൈസ് സംഘത്തിൽ ഇവരെക്കൂടാതെ പ്രിവറ്റീവ് ഓഫീസർമാരായ മനോജ് ടി ജെ, ഈ സി അരുൺകുമാർ, മുഹമ്മദ് അഷ്റഫ്, തുടങ്ങിയ വലിയ സംഘം തന്നെ ഒപ്പമുണ്ടായിരുന്നു. ഈ ലോക്ക് ഡൗൺ തുടങ്ങിയതിൽപ്പിന്നെ ഈരാറ്റുപേട്ട മേഖലയിൽ നിന്ന് നിരവധി കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. മുൻ മിസ്റ്റർ കോട്ടയം ജിമ്മൻ സുനി ഉൾപ്പെടെയുള്ളവരെ വ്യാജവാറ്റിന് കഴിഞ്ഞ ആഴ്ച എക്സൈസ് സംഘം പിടികൂടിയിരുന്നു. ജിം നടത്തിപ്പിന്റെ മറവിൽ വാറ്റു ചാരായം ഉണ്ടാക്കി വിറ്റു എന്നായിരുന്നു അന്ന് എക്സൈസ് കണ്ടെത്തിയത്.ഈരാറ്റുപേട്ടയിൽ ഇതിനുമുൻപും കഞ്ചാവ് അടക്കമുള്ള നിരോധിത ഉൽപ്പന്നങ്ങൾ വിറ്റതിന് നിരവധി കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു.
