ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം തുറന്നുപറഞ്ഞത്. ആതിര എപ്പോഴും സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നത് പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനോട് പറഞ്ഞു.
ആതിര ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതി ഉപയോഗിച്ച സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്കൂട്ടർ ഇവിടെവച്ചശേഷം പ്രതി ട്രെയിനിൽ കയറി സ്ഥലംവിട്ടെന്നാണ് നിഗമനം. നാലുസംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ആതിരയുടെ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്ക് താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
advertisement
ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം വാടകയ്ക്കു താമസമാരംഭിച്ചത്. ഭർത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാൻ ഇയാൾ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് കരുതുന്നു. ആതിരയും രാജീവും താമസിക്കുന്ന വീടിന് സമീപത്ത് തന്നെ വീടുകൾ ഉണ്ടെങ്കിലും ആതിരയുടെ നിലവിളിയോ ബഹളമോ ആരും കേട്ടില്ല. കൊല്ലാനുപയോഗിച്ച കത്തി കണ്ടെടുത്തു. കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലിൽ കിടന്നത്.
കൊല നടത്തിയശേഷം ആതിരയുടെ സ്കൂട്ടറിൽ തന്നെയാണ് കൊലപാതകി കടന്നത്. ആതിരയുടെ ഭർത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് 11.30ഓടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറുവയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ 8.30ഓടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്.
വെഞ്ഞാറമൂട് ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകൾ ആതിരയെ 8 വർഷം മുൻപാണ് രാജീവ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിക്കുന്നത്.
