സുഭാഷ് അറിയാതെ സന്ധ്യ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്ന് സുഭാഷ് സന്ധ്യയുടെ വീട്ടിൽ വിളിച്ചുപറഞ്ഞു. ഈ പണം എന്തിന് ചെലവഴിച്ചു എന്നും കണ്ടെത്താനായില്ല. ഇതും സന്ധ്യയുടെ വൈരാഗ്യം കൂട്ടിയെന്നാണ് വിലയിരുത്തൽ.
സന്ധ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഉടൻ പൊലീസ് കോടതിയെ സമീപിക്കും. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും.
advertisement
ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എറണാകുളം ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയിൽ ഹാജരാക്കിയത്. സന്ധ്യ നിലവിൽ കാക്കനാട് വനിതാ സബ് ജയിലിലാണ്.
ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.