2022 ഒക്ടോബറിലാണ് പ്രണയബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് ഒക്ടോബര്‍ 14ന് ആയിരുന്നു. ഇതേ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി. പാറശാല പൊലീസ് സംഭവത്തില്‍ കേസെടുത്തെങ്കിലും സ്വാഭാവിക മരണം എന്ന നിഗമനത്തിലെത്തിയിരുന്നു.
advertisement
തുടര്‍ന്ന് ഷാരോണിന്റെ ബന്ധുക്കള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകള്‍ കൊലപാതകിയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് മൂന്നു പേരും അറസ്റ്റിലായി.
കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ കൂട്ട് പ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. പിന്നാലെയാണ് കൊലയാളിയായ ഗ്രീഷ്മയ്ക്കും ഉപാദികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് ,കേസ് നടപടികളുമായി സഹകരിക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം. അന്വേഷണം പൂര്‍ത്തിയായതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഗ്രീഷ്മ ജാമ്യാവശ്യം ഉന്നയിച്ചത്. കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയുൾപ്പെടെയുള്ള പ്രതികൾ നൽകിയ മറ്റൊരു ഉപഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.