ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായില്ല; ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം നൽകിയെന്ന് ഗ്രീഷ്മയുടെ മൊഴി
- Published by:Naseeba TC
- news18-malayalam
Last Updated:
ജാതകദോഷം അടക്കം പറഞ്ഞിരുന്നത് ഷാരോണിനെ ഒഴിവാക്കാൻ. പിന്മാറാതായതോടെ കൊലപാതകത്തിലേക്ക് നീങ്ങി
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ (22)യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒരു വർഷമായി ഷാരോണും ഗ്രീഷ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറാൻ ഷാരോൺ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഗ്രീഷ്മ നൽകിയ മൊഴിയെന്ന് എഡിജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്കോ മറ്റാർക്കെങ്കിലുമോ കൊലപാതകത്തിൽ പങ്കുള്ളതായി ഇതുവരെ വ്യക്തമല്ല. ഇതെല്ലാം കൂടുതൽ അന്വേഷണത്തിൽ മാത്രമേ വെളിപ്പെടൂവെന്നും എഡിജിപി പറഞ്ഞു.
നിരന്തരം വഷളാവുകയും വീണ്ടും യോജിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധമായിരുന്നു ഇരുവരുടേതും. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Also Read- കൊലപാതകം ഗ്രീഷ്മയുടെ ജാതകദോഷം മാറ്റാൻ? മുമ്പും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഷാരോണിന്റെ കുടുംബം
advertisement
ഇതുപ്രകാരം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ബാത്റൂമിൽ പോയ സമയത്ത് കഷായത്തിൽ വിഷം കലർത്തി ഇത് ഷാരോണിന് നൽകി. കഷായം കഴിച്ച ഷാരോൺ അവിടെ തന്നെ ശർദ്ദിച്ചു. പിന്നീട് സുഹൃത്തിനൊപ്പം മടങ്ങി. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് കീടനാശിനി കഷായത്തിൽ കലർത്തി നൽകിയത്. കാപ്പിക്ക് (Kapiq)എന്ന കളനാശിനി കലർത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.
ബന്ധത്തിൽ നിന്നും പിന്മാറാനാണ് ജാതകദോഷമുള്ളതായി ഷാരോണിനോട് പറഞ്ഞിരുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാനാകുന്നതെന്ന് എഡിജിപി പറഞ്ഞു. ഒരുപാട് കഥകൾ പറഞ്ഞു നോക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. കേസിൽ മാതാപിതാക്കളെ പ്രതിയാക്കാനുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം കൂടുതലായി അന്വേഷണം വേണം.
advertisement
നേരത്തേ, ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ഷാരോൺ ഇതിന് മുമ്പും ശർദിച്ചതായി പറഞ്ഞിട്ടുണ്ട്. വിഷം നൽകിയതായ തെളിവുകൾ ഇതുവരെ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല.
advertisement
ഷാരോണുമായി വിവാഹം കഴിഞ്ഞതായി ഗ്രീഷ്മ പറഞ്ഞിട്ടില്ല. എന്നാൽ പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. വിഷം നൽകിയ വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നില്ല. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.
കേസിൽ നിർണായകമായത് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയാണെന്നും എഡിജിപി വ്യക്തമാക്കി. നേരത്തേ രണ്ട് തവണ ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നു. മൊഴികളിലുള്ള വൈരുദ്ധ്യം സംശയത്തിന് ഇടയാക്കിയിരുന്നെങ്കിലും ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഗ്രീഷ്മയിലേക്ക് എത്തിയത്. ഷാരോണിന്റെ ശർദിയിൽ പച്ച നിറമുണ്ടായിരുന്നതിനാൽ കോപ്പർ സൾഫേറ്റിന്റെ അംശത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് സംശയം ബലപ്പെടുന്നത്. ഇതോടെ കോപ്പർ സൾഫേറ്റ് അടങ്ങിയ രാസപദാർത്ഥങ്ങളെ കുറിച്ച് അന്വേഷിച്ചു. ഗ്രീഷ്മ പറഞ്ഞ കാപ്പിക്കിൽ അടങ്ങിയ ഒരു ഘടകം ആസിഡ് ബ്ലൂ ആണ്. ഇതുമൂലം ശർദിയിൽ നിറവ്യത്യാസം ഉണ്ടാകാം. ഇതൊക്കെ തെളിയണമെങ്കിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നും എഡിജിപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 30, 2022 10:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായില്ല; ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം നൽകിയെന്ന് ഗ്രീഷ്മയുടെ മൊഴി