പൊലീസ് പിടിയിലാകും മുമ്പ് ഇയാൾ രത്നഗിരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസിനെ പേടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് ഇന്റലിജൻസിന്റെ വിവരപ്രകാരം മഹാരാഷ്ട്ര എടിഎസും രത്നഗിരി പൊലീസും ചേർന്ന് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ ഫോൺ, എടിഎം കാർഡ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
advertisement
വധശ്രമം, പരിക്കേല്‍പ്പിക്കല്‍, സ്ഫോടകവസ്തു ഉപയോഗം, റെയില്‍വേ നിയമത്തിലെ 151ാം വകുപ്പ് എന്നിവയാണ് ഷാറുഖിനെതിരെ ചുമത്തിയത്. അറസ്റ്റിലായത് ഷാറുഖ് തന്നെയെന്ന് മാതാപിതാക്കൾ സ്ഥിരീകരിച്ചു. കേരള എടിഎസും ഡൽഹി പൊലീസും പ്രതിയുടെ ഷഹീൻബാഗിലുള്ള വീട്ടിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. പ്രതിയുടെ ബുക്ക്, ഡയറി, ഫോൺ എന്നിവ പിടിച്ചെടുത്തു. പ്രതിക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നത് ഡൽഹി പൊലീസ് അന്വേഷിച്ചുവരികയാണ്.
അതേസമയം, ഷാരൂഖ് സൈഫിയുമായി കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തേക്ക് യാത്ര തിരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ കേരള പോലീസ് സംഘത്തിന് കൈമാറിയത്. ഇതിന് മുന്‍പ് എന്‍ഐഎയും മഹാരാഷ്ട്ര എടിഎസും പ്രതിയെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയുമായി കേരള പൊലീസ് സംഘം യാത്രതിരിക്കുകയായിരുന്നു.
ഡിവൈ എസ് പി റഹീം അടക്കമുള്ളവരാണ് കേരള പോലീസ് സംഘത്തിലുള്ളത്. സുരക്ഷാപ്രശ്‌നം കാരണം പോലീസ് സംഘത്തിന് ട്രെയിന്‍മാര്‍ഗമുള്ള യാത്രയ്ക്ക് അനുമതി കിട്ടിയില്ല. ഇതോടെയാണ് റോഡ് മാര്‍ഗം പ്രതിയെ കൊണ്ടുപോയതെന്നാണ് വിവരം.
ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ആലപ്പുഴയിൽനിന്നു കണ്ണൂരിലേക്കു പോവുകയായിരുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിനുള്ളിൽ അക്രമി പെട്രോളൊഴിച്ച് തീയിട്ടത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് ചാടിയ മൂന്നു പേർ മരിച്ചു. ട്രെയിൻ ഉടൻതന്നെ ചങ്ങല വലിച്ചു നിർത്തിയെങ്കിലും അക്രമി രക്ഷപ്പെട്ടിരുന്നു. പൊള്ളലേറ്റ എട്ടു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.