തിരുവനന്തപുരം: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാര്‍ക്കുമേൽ പെട്രോൾ തളിച്ച് തീ കൊളുത്തിയ പ്രതി ഷാറൂഖ് സൈഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പിടികൂടിയത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കേരളത്തിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് കൈമാറിയിട്ടുണ്ട്. മുഖത്ത് പരിക്കേറ്റ പ്രതിയുടെ ചിത്രം പുറത്തുവന്നിരുന്നു.
പ്രതിയെ പിടികൂടുന്നതിനായി കേരള പൊലീസ് വരച്ച രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ലെന്ന വിമർശനങ്ങൾ പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ട്രോളുകളും വിമര്‍ശനങ്ങളും ശക്തമായതോടെ കേരള പൊലീസ് തന്നെ ഇതിന് മറുപടിയുമായി രംഗത്തെത്തി. രേഖാചിത്രം പ്രതിയെ നേരിട്ട് കണ്ട് വരയ്ക്കുന്നതല്ലെന്നും ദൃക്സാക്ഷികൾ ഓർമയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വെച്ചാണ് ചിത്രം തയാറാക്കുന്നതെന്നും ഇത് എപ്പോഴും ശരിയാവണമെന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
”പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയിൽ, ദൃക്‌സാക്ഷികൾ കുറ്റവാളികളെ കൃത്യമായി ഓർത്തെടുക്കാൻ തക്ക മാനസികാവസ്ഥയിൽ ആകണമെന്നും ഇല്ല”- ഫേസ്ബുക്ക് കമന്റിലൂടെ പൊലീസ് വ്യക്തമാക്കി.
Also Read- ‘കേരള പൊലീസിന്റെ അന്വേഷണ മികവ്’; പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി
ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ പിടിയിലായ പ്രതിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ രേഖാചിത്രത്തിനെതിരേ വലിയ പരിഹാസം ഉയര്‍ന്നത്. പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടെ നിരവധി പേര്‍ രേഖാചിത്രത്തെ പരിഹസിച്ച് അഭിപ്രായം രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് കേരള പോലീസിന്റെ മറുപടി.
അക്രമം നടക്കുമ്പോള്‍ ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷിയുടെ സഹായത്തോടെയായിരുന്നു പോലീസ് നേരത്തെ രേഖാചിത്രം തയ്യാറാക്കിയത്. ഈ ചിത്രത്തിലുള്ള ആളെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും അറിയിപ്പുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.