സംഭവത്തിൽ കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രാഥമിക റിപ്പോർട്ട് നൽകിയത്. സെക്‌ഷൻ ഒൻപത് 16(എ) പ്രകാരം കസ്റ്റഡിയിലെടുത്ത ബസ് ഇപ്പോൾ ബത്തേരി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലാണുള്ളത്. കോടതി നിർദേശപ്രകാരം മാത്രമാകും ബസ് നിരത്തിലിറക്കാൻ സാധിക്കയുള്ളൂ.
ബോണ്ട് കെട്ടിവച്ചോ അല്ലെങ്കിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്വേഷണറിപ്പോർട്ട് സമർപ്പിച്ച ശേഷമോ ആയിരിക്കും ബസ് വിട്ടു കിട്ടുന്നത്. ദീർഘദൂര സർവീസായതിനാൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് നാലിന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് ശനിയാഴ്ച രാവിലെ ആറോടെ വനമേഖല തുടങ്ങുന്ന എടത്തറയിൽ പുള്ളിമാനിനെ ഇടിച്ചത്.
advertisement
മാൻകൂട്ടം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിൽ ഒരു മാനിനെ ബസ് ഇടിക്കുകയായിരുന്നു. ലോഫ്ലോർ ബസ് ആയതിനാൽ മാൻ ബസിൻറെ അടിയിൽ കുടുങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരം. പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ബസ് നിർത്തിയത്. വന്യമൃഗങ്ങളുള്ള പ്രദേശമായതിനാൽ ശ്രദ്ധിക്കണമെന്ന് ഡ്രൈവർമാർക്ക് മുമ്പ് നിർദേശം നൽകിയിട്ടുണ്ടായിരുന്നു.