ആചാര്യ നഴ്‌സിങ് കോളേജിലെ മലപ്പുറം സ്വദേശിയായ മുഹമ്മദ് സാബിത്തിനാണ് കുത്തേറ്റത്. ബെംഗളൂരു സ്വദേശിയും ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളും ചേർന്നാണ് സീനിയേഴ്സ് താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. അതിനിടെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ബെംഗളൂരുവിലെ ആചാര്യ നഴ്‌സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായത്. കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അതിനിടെ പുറമെ നിന്നെത്തിയ സംഘം കോളേജിൽ കയറി പ്രശ്നം ഉണ്ടാക്കി. പിന്നീട് രാത്രിയോടെ മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സാബിത് എന്ന മൂന്നാം വർഷം നഴിങ് വിദ്യാർത്ഥിക്ക് കുത്തേറ്റത്.
advertisement
ഈ കോളജിൽ മുൻപ് പഠിച്ചിരുന്ന ആദിത്യനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. മാഹി സ്വദേശിയായ ആദിത്യൻ നേരത്തെ ഈ കോളേജിൽ ബിബിഎയ്ക്ക് പഠിച്ചിരുന്നെങ്കിലും ഇടയ്ക്ക് പഠനം നിർത്തി. പിന്നീട് കോളേജിന് സമീപത്ത് ടാറ്റൂ ഷോപ്പ് നടത്തുകയായിരുന്നു. ബെംഗളൂരു സ്വദേശികളുമായി ചേർന്നാണ് ആദിത്യൻ ആക്രമണം നടത്തിയതെന്നും പരാതിയിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആദിത്യനെയും രണ്ട് മലയാളി വിദ്യാർത്ഥികളെയും സോളദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമം നടത്തുന്നതായും ആക്ഷേപമുണ്ട്.
ആക്രമണത്തിൽ വയറിന് കുത്തേറ്റ സാബിത് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.