സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോയിൽ എടിഎമ്മിൽ നിന്ന് പുറത്തിറങ്ങിയ കൗമാരക്കാരനെയായിരുന്നു 45 കാരൻ ലക്ഷ്യം വെച്ചത്. എന്നാൽ അവിചാരിതമെന്ന് പറയട്ടേ, ഇയാളുടെ മകൻ തന്നെയായിരുന്നു അത്. മകനെ തിരിച്ചറിയാൻ പിതാവിന് കഴിഞ്ഞതുമില്ല.
മാസ്ക് ധരിച്ചെത്തിയ പ്രതി മകനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എടിഎമ്മിൽ നിന്ന് പണം എടുത്ത് കാർഡ് പോക്കറ്റിൽ വെച്ച ഉടനെ ഇയാൾ കുട്ടിയുടെ പിന്നിൽ നിന്ന് കടന്നു പിടിക്കുകയും ചുമരിനോട് ചേർത്ത് പണം ആവശ്യപ്പെട്ടു. കഴുത്തിനു നേരേ കത്തി കാണിച്ചായിരുന്നു അതിക്രമം.
advertisement
കയ്യിലുള്ള പണം നൽകാനുള്ള നിർദേശം കേട്ടപ്പോഴാണ് അക്രമി തന്റെ അച്ഛൻ തന്നെയാണെന്ന് കുട്ടി തിരിച്ചറിയുന്നത്. “നിങ്ങളിത് അറിഞ്ഞു തന്നെയാണോ? ഇതാരാണെന്ന് മനസ്സിലായോ” എന്നായിരുന്നു ശബ്ദം കേട്ടപ്പോൾ കുട്ടിയുടെ പ്രതികരണം.
എന്നിട്ടും മകന്റെ ശബ്ദം പ്രതിക്ക് തിരിച്ചറിയാനായില്ല. ആരായാലും തനിക്ക് പ്രശ്നമില്ലെന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ കുട്ടി മുഖം തിരിച്ച് പിതാവിനെ നോക്കി. അപ്പോൾ മാത്രമാണ് സ്വന്തം മകനെയാണ് താൻ കത്തി മുനയിൽ നിർത്തിയതെന്ന് പിതാവ് തിരിച്ചറിഞ്ഞത്.
ഓടി വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് നടന്ന സംഭവങ്ങൾ വിശദീകരിച്ചു. തുടർന്ന് വീട്ടുകാർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.
2022 നവംബറിൽ നടന്ന കേസിലെ വിചാരണ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മകനാണെന്ന് അറിയാതെയാണ് കത്തികാണിച്ച് കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പ്രതിയായ പിതാവ് വിചാരണ വേളയിൽ സമ്മതിച്ചു. അസാധാരണമായ സംഭവങ്ങളെന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്. പ്രതിക്ക് 26 മാസം തടവും ശിക്ഷ വിധിച്ചു.