ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറില്‍ തൂങ്ങി മരിച്ച നിലയില്‍ ആറു വയസുകാരി പെണ്‍കുട്ടിയെ കണ്ടെത്തിയത്. സ്വാഭാവിക മരണമായി കണക്കാക്കിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസിന് ബോധ്യമായിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചതാകാമെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ പരിശോധനയിലാണ് കൊലപാതക സാധ്യത തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചതോടെ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ അർജുനും ഉണ്ടായിരുന്നു. ഒടുവിൽ അന്വേഷണം അർജുനിൽ മാത്രമാക്കി ചുരുക്കുകയും മറ്റു മൂന്നുപേരെ വിട്ടയയ്ക്കുകയുമായിരുന്നു.
advertisement
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നതായി വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ വീട്ടില്‍ എപ്പോഴും വരാറുള്ള വ്യക്തിയായിരുന്നു അർജുൻ. മാതാപിതാക്കൾ ജോലിക്കു പോകുന്നതിനു ശേഷം വീട്ടിലെത്തുന്ന അർജുൻ കുട്ടിയെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തു. ലയത്തിലെ മുറിയില്‍ ഷാൾ കഴുത്തിൽ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Also Read- കണ്ണൂരില്‍ മാനസികവിഭ്രാന്തിയില്‍ അമ്മ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
ജൂൺ 30ന് രാവിലെ കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയതിന് ശേഷം പതിവുപോലെ വീട്ടിലെത്തിയ അർജുൻ ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങി. ഇതോടെ ഉറക്കെ നിലവിളിച്ച കുട്ടിയുടെ വായ അർജുൻ പൊത്തി. അൽപ്പസമയത്തിനകം പെണ്‍കുട്ടി ബോധരഹിതയായി. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതി മുറിക്കുള്ളിൽ ഷാളിൽ അർജുൻ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് മുറിയുടെ വാതില്‍ അകത്തുനിന്നു അടച്ചശേഷം ജനല്‍വഴി പുറത്തിറങ്ങി അർജുൻ വീട്ടിലെത്തി.
അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടുകാരുമായി ഇടപെടുകയും ചെയ്തു. പിന്നീട് പുറത്തുപോയ കുട്ടിയുടെ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം വിവരം അറിഞ്ഞു വീട്ടിലെത്തി പൊട്ടിക്കരയുകയും ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. അബദ്ധത്തിൽ ഷാൾ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന പ്രചാരണത്തിന് പിന്നിൽ അർജുൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരം അറിഞ്ഞ് വൻ ജനക്കൂട്ടമാണ് പ്രദേശത്ത് തടിച്ചുകൂടിയത്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ പ്രതിക്കുനേരെ അസഭ്യവർഷവുമായി പാഞ്ഞടുത്തു. എന്നാൽ പൊലീസ് ഇവരെ ലാത്തി വീശി ഓടിക്കുകയായിരുന്നു. തെളിവെടുപ്പിന് പ്രതിയെ എത്തിക്കുന്നതിന് മുന്നോടിയായി വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്.