ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ വിളിച്ചത് 78 തവണ. ഇതു സംബന്ധിച്ച ഫോൺവിവരങ്ങൾ ന്യൂസ് 18ന് ലഭിച്ചു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ്, ആഗസ്റ്റ് 19ന് മാത്രം അഞ്ചുതവണയാണ് ഇരുവരും വിളിച്ചത്.
Also Read- ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ ഇഡി ചോദ്യം ചെയ്യുന്നു
advertisement
ഓഗസ്റ്റ് 21 ന് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ അറസ്റ്റുചെയ്ത മുഹമ്മദ് അനൂപ്പിന്റെ കോൾ റെക്കോർഡുകളാണ് പുറത്തുവന്നത്. ലഹരിമരുന്ന് കേസും സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്നാണ് ദേശീയ ഏജൻസികളായ എൻസിബിയും ഇഡിയും സംശയിക്കുന്നത്.
അനൂപ് മുഹമ്മദിന് ഹോട്ടൽ ആരംഭിക്കാൻ ബിനീഷ് കോടിയേരി പണം നൽകിയിരുന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇഡിക്ക് നൽകിയ മൊഴിയിൽ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ പേരും പരാമർശിക്കുന്നുണ്ട്. ദൈനംദിന ചെലവിന് പണം കണ്ടെത്താൻ എംഡിഎംഎ ഗുളികകൾ കോളജ് വിദ്യാർഥികൾക്കും പാർട്ടികൾക്കും വിതരണം ചെയ്തിരുന്നുവെന്ന് അനൂപ് പറയുന്നു. കുറച്ചുപണം ഉണ്ടാക്കിയതിന് ശേഷം കുറച്ച് വസ്തു പാട്ടത്തിന് എടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സഹായത്തോടെ അവിടെ ഹോട്ടല്‍ തുറന്നു- ആഗസ്റ്റ് 23ന് നൽകിയ മൊഴിയിൽ അനൂപ് മുഹമ്മദ് പറയുന്നു.
റസ്റ്റോറന്റ് ആരംഭിക്കാൻ 50 ലക്ഷം രൂപ ബിനീഷ് നൽകിയെന്നാണ് അനൂപ് മുഹമ്മദിന്റെ മൊഴിയിൽ പറയുന്നത്. കഴിഞ്ഞ മാസം ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇഡി സ്വർണക്കടത്തും ലഹരിമരുന്ന് കേസും തമ്മിലുള്ള ബന്ധത്തെപറ്റി ചോദിച്ചിരുന്നു. പത്ത് മണിക്കൂറോളമാണ് അന്ന് ചോദ്യം ചെയ്യൽ നീണ്ടത്. ഇന്നു വീണ്ടും ബെംഗളൂരുവിലെ ഓഫീസിലേക്ക് നോട്ടീസ് നൽകി വിളിപ്പിച്ച്, ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുകയാണ്.