അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെമിക്കൽ വ്യവസായിയായ രാകേഷ് ഷായാണ് തട്ടിപ്പിന് ഇരയായത്. രാകേഷ് ഷായുടെ മൊബൈൽ നമ്പറിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് മിസ്ഡ് കോൾ വന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മിസ്ഡ് കോളിന് ശേഷം ഇയാളുടെ മൊബൈലിലെ സിം പ്രവർത്തനരഹിതമാവുകയും ചെയ്തു. തന്റെ ഫോണിൽ ഉണ്ടായിരുന്ന രണ്ട് സിം കാർഡുകളും പ്രവർത്തനരഹിതമായപ്പോൾ രാകേഷ് ഷാ വോഡഫോൺ-ഐഡിയ ഷോറൂമിൽ എത്തി പ്രവർത്തനരഹിതമായ പോസ്റ്റ്പെയ്ഡ് നമ്പർ ഉടൻ തന്നെ ആക്ടിവേറ്റ് ചെയ്തു. നാല് മണിക്കൂറിനുള്ളിൽ സിം കാർഡ് പ്രവർത്തനക്ഷമമാകുമെന്ന് ഷോറൂമിൽ നിന്നും അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. സിം പ്രവർത്തനരഹിതമായതിനെ സംബന്ധിച്ച പരാതി രാകേഷ് ഷാ കമ്പനിക്ക് രാത്രി തന്നെ മെയിൽ വഴി അയച്ചിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ രണ്ട് സിം കാർഡുകളും വീണ്ടും ബ്ലോക്ക് ചെയ്യപ്പെട്ടു. വീണ്ടും വോഡഫോണിന്റെ സ്റ്റോർ സന്ദർശിച്ചപ്പോൾ കൊൽക്കത്തയിലെ ഒരു വോഡഫോൺ സ്റ്റോറിൽ നിന്നുമാണ് രണ്ട് സിം കാർഡുകളും ബ്ലോക്ക് ചെയ്തത് എന്ന് അദ്ദേഹത്തിന് കണ്ടെത്താനായി.
advertisement
ഈ സംഭവത്തിന് ശേഷം ബാങ്ക് ഓഫ് ബറോഡയിൽ എത്തിയപ്പോഴാണ് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 46 ലക്ഷം രൂപ പിൻവലിക്കപ്പെട്ടതായി രാകേഷ് ഷാ അറിഞ്ഞത്. തട്ടിപ്പിന് ഇരയായ രാകേഷ് ഷാ ഉടൻ തന്നെ സൈബർ ക്രൈം ബ്രാഞ്ചിൽ പരാതി നൽകി. പോലീസ് അന്വേഷിച്ചപ്പോൾ രാകേഷ് ഷായുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 11 ഇടപാടുകളിലൂടെ 46.36 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ബാങ്ക് അക്കൗണ്ടിലൂടെ നടത്തിയ ഇടപാടുകളെല്ലാം തന്നെ വൺ ടൈം പാസ്‌വേഡ് (ഒടിപി) ഉപയോഗിച്ചാണ് നടത്തിയിരിക്കുന്നതെന്നു പോലീസിന് മനസിലാക്കാനായി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡിജിറ്റിൽ സാമ്പത്തിക തട്ടിപ്പുകൾ അധികവും നടക്കുന്നത് സുരക്ഷിതമല്ലാത്ത ലിങ്കുകളിലൂടെ നടത്തുന്ന ബാങ്ക് ഇടപാടുകൾ, വിശ്വാസ്യതയില്ലാത്ത ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ തുടങ്ങിയവയിലൂടെയാണ്. ഒടിപി, പാസ്‍വേർഡ്, പിൻ നമ്പർ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിലൂടെയുള്ള തട്ടിപ്പും വർധിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതിനെ തുടർന്നുള്ള രാകേഷ് ഷായുടെ പരാതിയിൽ സൈബർ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.