അഞ്ജുവിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് വീടിന് അടുത്ത് താമസിക്കുന്ന സഞ്ജു എന്ന യുവാവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. തന്റെ വിവാഹജീവിതത്തിൽ അതൃപ്തയായിരുന്ന അഞ്ജു, കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഭർത്താവിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മൂന്ന് മാസം മുൻപാണ് അഞ്ജുവും ആശിഷുമായുള്ള വിവാഹം നടന്നതെങ്കിലും പഠനത്തിന്റെ പേരുപറഞ്ഞ് സഞ്ജുവിനെ കാണാൻ അഞ്ജു നിരന്തരം ശ്രമിച്ചിരുന്നു.
ബി.എ ബിരുദം പൂർത്തിയാക്കാൻ ശ്രീഗംഗാനഗറിലേക്ക് പോകണമെന്ന് അഞ്ജു ആശിഷിന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആശിഷ് ഈ ആവശ്യം കർശനമായി നിരസിച്ചു. ഇതിൽ പ്രകോപിതയായ അഞ്ജു, സഞ്ജുവുമായി സംസാരിക്കുകയും സ്വന്തം നാട്ടിലേക്ക് പോയ സമയത്ത് ആശിഷിനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയുമായിരുന്നു. ജനുവരി 30-ന് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയ ശേഷം, വൈകുന്നേരം നടക്കാൻ പോകാം എന്ന് പറഞ്ഞ് അഞ്ജു ആശിഷിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കൊലപാതകം നടക്കുന്നതിന് 16 ദിവസം മുൻപാണ് അഞ്ജു കാമുകനെ കാണാൻ തന്റെ സ്വന്തം നാട്ടിലേക്ക് പോയത്.
advertisement
ആളൊഴിഞ്ഞ റോഡിലേക്ക് ആശിഷിനെ എത്തിച്ചപ്പോൾ, അവിടെ കാത്തുനിന്ന സഞ്ജുവും കൂട്ടാളികളായ റോക്കി, ബാദൽ, സിദ്ധാർത്ഥ് എന്നിവരും ചേർന്ന് ആശിഷിന്റെ തലയ്ക്ക് വടികൊണ്ട് അടിക്കുകയും മഫ്ലർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതിനിടെ, സംഭവം ഒരു കവർച്ചയാണെന്ന് തോന്നിപ്പിക്കാനായി അഞ്ജു തന്റെ ഫോണും കമ്മലുകളും പ്രതികൾക്ക് കൈമാറി.
തലയ്ക്ക് പിന്നിൽ ഗുരുതരമായ പരിക്കേറ്റ ശേഷവും ആശിഷ് ജീവനോടെയുണ്ടായിരുന്നുവെന്നും തുടർന്ന് മഫ്ലർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് മരണം ഉറപ്പാക്കിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴുത്തിലെ പാടുകൾ ഇതിന് തെളിവായി.കേസിലെ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ജുവിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു, മറ്റ് പ്രതികളെ അഞ്ച് ദിവസത്തെ കസ്റ്റഡിയിലും റിമാൻഡ് ചെയ്തു.
