പരോളിനു പോലും ഇറങ്ങാതെ ഇതിനകം താൻ 29 വർഷം ജയിലിൽ കഴിഞ്ഞെന്നും ഇനി തന്നെ വിട്ടയക്കണമെന്നും ശ്രദ്ധാനന്ദ് ഹർജിയിൽ പറയുന്നു. ഭാര്യയും മൈസൂരിലെ മുൻ ദിവാൻ സർ മിർസ ഇസ്മയിലിന്റെ കൊച്ചുമകളുമായ ഷക്കറെയെ ജീവനോടെ കുഴിച്ചുമൂടിയതിനാണ് 1994 ൽ ഇയാൾ അറസ്റ്റിലായത്. 600 കോടി വിലവരുന്ന ഷക്കറെയുടെ സ്വത്തുക്കൾ സ്വന്തമാക്കാനാണ് കുറ്റകൃത്യം നടത്തിയത്.
ബംഗളൂരുവിലെ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ശ്രദ്ധാനന്ദിനെ 2011-ലാണ് സ്വദേശമായ മദ്ധ്യപ്രദേശിലെ സാഗർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഇയാളുടെ അഭ്യർത്ഥന പരിഗണിച്ചായിരുന്നു ഇത്. സാഗർ സർവകലാശാലയിലെ പ്രൊഫസറായ സഹോദരൻ മാത്രമാണ് ഇയാളെ ജയിലിലെത്തി സന്ദർശിച്ചിട്ടുള്ളത്. രണ്ട് വർഷം മുമ്പായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനമെന്ന് ജയിൽ വൃത്തങ്ങൾ പറയുന്നു.
advertisement
ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്ത് തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശ്രദ്ധാനന്ദ് രാഷ്ട്രപതിക്ക് കത്തയക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. ''പ്രായമായ കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്നിടത്ത് മറ്റ് 38 തടവുകാർക്കൊപ്പമാണ് അദ്ദേഹം കഴിയുന്നത്. ശ്രദ്ധാനന്ദിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. കൂടുതൽ സമയവും മറ്റുള്ളവരെ പഠിപ്പിക്കാനും ആത്മീയ പ്രഭാഷണങ്ങൾ നൽകാനുമാണ് അദ്ദേഹം സമയം ചെലവഴിക്കുന്നത്'', സാഗർ ജയിൽ സൂപ്രണ്ട് നാഗേന്ദ്ര ചൗധരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ജയിൽ മാനുവൽ പ്രകാരം ശ്രദ്ധാനന്ദക്ക് ആത്മീയ പുസ്തകങ്ങളും പത്രങ്ങളും എത്തിച്ചു നൽകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഷക്കറെയുടെ കൊലപാതകവും വിചാരണയുമൊക്കെ ദേശീയ തലത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആദ്യ ഭർത്താവിൽ നിന്നും വിവാഹമോചനം നേടി ഒരു വർഷത്തിന് ശേഷം, 1986 ലാണ് ഷാക്കറെ ശ്രദ്ധാനന്ദിനെ വിവാഹം ചെയ്തത്. ഓസ്‌ട്രേലിയയിലെയും ഇറാനിലെയും മുൻ ഇന്ത്യൻ പ്രതിനിധി അക്ബർ ഖലീലി ആയിരുന്നു ഷാക്കറെയുടെ ആദ്യ ഭർത്താവ്.
ഷക്കറെയുടെ ആദ്യ വിവാഹത്തിലെ മകൾ സബാ ഖലീലിയാണ്, 1991 ഏപ്രിൽ 19 മുതൽ അമ്മയെ കാണാനില്ലെന്ന പരാതിയുമായി ബാംഗ്ലൂർ പോലീസിനെ സമീപിച്ചത്. മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസിന്റെ ചുരുളഴിഞ്ഞതും ശ്രദ്ധാനന്ദ് പിടിയിലായതും. ഷക്കറെയെ മയക്കിക്കിടത്തി ബംഗളൂരുവിലെ വീട്ടുമുറ്റത്ത് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. ഷക്കറെയുടെ മൃതദേഹം പുറത്തെടുക്കുകയും 1994 ഏപ്രിൽ 30 ന് ശ്രദ്ധാനന്ദ അറസ്റ്റിലാകുകയും ചെയ്തു.
ഒരു ജനറൽ പവർ ഓഫ് അറ്റോണിയും ശ്രദ്ധാനന്ദിന്റെ പേരിൽ വിൽപത്രവും എഴുതി വാങ്ങിയ ശേഷമാണ് ഷക്കറയെ കൊലപ്പെടുത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. 2000-ൽ വിചാരണ കോടതി ശ്രദ്ധാനന്ദക്ക് വധശിക്ഷ വിധിച്ചു. 2005ൽ കർണാടക ഹൈക്കോടതി വധശിക്ഷ ശരിവച്ചു. തുടർന്ന് ശ്രദ്ധാനന്ദ സുപ്രീം കോടതിയെ സമീപിച്ചു. 2008-ൽ, സുപ്രീം കോടതി വധശിക്ഷയിൽ ഇളവു നൽകുകയും ജീവിതകാലം മുഴുവൻ തടവുശിക്ഷ അനുഭവിക്കണം എന്ന് വിധിക്കുകയും ചെയ്തു.