വിഷം കലർത്തിയ വെള്ളം കുടിച്ച വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ച ശങ്കഗിരി സർക്കാർ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വർക്ക് നൽകുകയും രണ്ട് വിദ്യാർഥികൾക്ക് അത് ചെയ്യാൻ കഴിയാതെ വരികയും ചെയ്തിരുന്നു.
ക്ലാസ് ലീഡർ ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക രണ്ടുവിദ്യാർഥികളെ ശിക്ഷിച്ചു. ഇതിൽ പ്രകോപിതരായാണ് രണ്ടു വിദ്യാർത്ഥികൾ ചേർന്ന് ക്ലാസ് ലീഡറായ കുട്ടിയുടെ വാട്ടർ ബോട്ടിലിൽ വിഷം കലർത്തിയത്.
advertisement
ക്ലാസ് ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് ക്ലാസ് ലീഡറായ കുട്ടി വാട്ടർ ബോട്ടിൽ തുറന്ന് വെള്ളം കുടിച്ചത്. വെള്ളം കുടിച്ചപ്പോൾ അസാധാരണമായ രുചിയും മണവും ഉണ്ടായിരുന്നു. ഇക്കാര്യം മറ്റൊരു സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവത്തെക്കുറിച്ച് ക്ലാസ് ടീച്ചറെ അറിയിച്ചത്. വാട്ടർ ബോട്ടിൽ പരിശോധിച്ച അധ്യാപിക, വെള്ളത്തിൽ എന്തോ കലർത്തിയിട്ടുണ്ടെന്ന് മനസിലായി. ഉടൻ തന്നെ വെള്ളം കുടിച്ച വിദ്യാർഥിയെ സേലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതിനിടെ സംശയം തോന്നിയ അധ്യാപിക, ഹോംവർക്ക് ചെയ്യാതെ വന്ന വിദ്യാർഥികളെ ചോദ്യം ചെയ്യുകയായിരുന്നു. വാട്ടർ ബോട്ടിലിൽ വിഷം കലർത്തിയ കാര്യം അവർ അധ്യാപികയോട് സമ്മതിക്കുകയും ചെയ്തു. തുടർന്ന് സ്‌കൂൾ പ്രഥമാധ്യാപകൻ സംഭവം പോലീസിൽ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി, വാട്ടർ ബോട്ടിലിലുള്ള വെള്ളം ലാബോറട്ടറിയിൽ അയച്ച് പരിശോധിച്ചു. പരിശോധനയിൽ വെള്ളത്തിൽ വിഷവസ്തു കലർത്തിയതായി കണ്ടെത്തി. തുടർന്ന് വിഷം കലർത്തിയ വിദ്യാർത്ഥികൾക്കെതിരെ ഐപിസി സെക്ഷൻ 328 (വിഷം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ മുതലായവ) പ്രകാരം കേസെടുത്തു.