2021 സെപ്റ്റംബറിലാണ് ബിനോയ് സിന്ധുവിനെ കൊലപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ശിക്ഷ ലഭിച്ചത് 2018 ഏപ്രില്‍ മൂന്നിന് നടന്ന മറ്റൊരു കൊലപാതകശ്രമക്കേസിലാണ്. ബിനോയി, അയല്‍വാസിയായ പണിക്കന്‍കുടി കുഴിക്കാട്ട് വീട്ടില്‍ സാബുവിനെയാണ് (51) കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ തമ്മിൽ പടുതാക്കുളത്തിലെ വെള്ളം ചോര്‍ത്തിക്കളയുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ച് മണിക്ക് പടുതാക്കുളത്തിലെ വെള്ളം സ്ഥിരമായി ഒഴുക്കിക്കളയുകയാണെന്ന് ആരോപിച്ച് സാബുവിനെ വീടിന് സമീപത്ത് ബിനോയ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ് സാബുവിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. ഈ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2021 സെപ്റ്റംബര്‍ മൂന്നിന് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ഈ കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുകയാണ് പ്രതി ഇപ്പോള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഏബിള്‍ സി. കുര്യന് ഹാജരായി.
advertisement
പണിക്കൻകുടി സിന്ധു കൊലക്കേസ്
പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം വീട്ടിലെ അടുക്കളയിൽ കണ്ടെത്തിയ സംഭവത്തിൽ ബിനോയ് പിന്നീട് അറസ്റ്റിലായിരുന്നു. സമീപവാസി കൂടിയായ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിയെ പൊലീസ് പിടികൂടുകയായിരുന്നു. ഓഗസ്റ്റ് മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയ് പിടിയിലായത്.
സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ബിനോയിയും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.