ഹോട്ടൽ ഉടമ റോയ് വയലാറ്റിന് മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. നേരത്തെ രണ്ടു തവണ വിളിച്ചിട്ടും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഇന്ന് ഹാജരാകാൻ പോലീസ് വീണ്ടും നിർദേശം നൽകുകയായിരുന്നു.
മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യം റോയിയുടെ നിർദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. റോയിയുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നു മണിക്കൂർ മാത്രമാണ് കോടതി അനുവദിച്ചത്.
advertisement
കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള ആരോഗ്യസ്ഥിതി പ്രതിക്കില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനമെടുത്തത്. ചികിത്സയിൽ കഴിയവേ അനുമതി ഇല്ലാതെ പ്രതിയുടെ രക്തസാമ്പിൾ പരിശോധിച്ചത് ശരിയായില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രതി അബ്ദുൽ റഹ്മാന്റെ വാദം.
മുൻ മിസ് കേരള ഉൾപ്പടെയുള്ളവരുടെ മരണത്തിൽ കാറുകൾ തമ്മിൽ മത്സരയോട്ടം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അപകടം സംഭവിച്ച കാറിനെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അറസ്റ്റിലായ ഡ്രൈവർ അബ്ദുറഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടന്നത്.
ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും ഇറങ്ങിയ ശേഷം ഔഡി കാർ ചെയ്‌സ് ചെയ്യാൻ ശ്രമിച്ചതായാണ് ഡ്രൈവറുടെ മൊഴി. കാറുകൾ തമ്മിൽ മത്സരയോട്ടം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഔഡി കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി സൈജുവിനെ പാലവരിവട്ടം സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. ഇത് ഏഴു മണിക്കൂറോളം നീണ്ടു നിന്നു.
നമ്പർ 18 ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടിക്ക് ശേഷം പുറത്തിറങ്ങിയ മോഡലുകൾ അടക്കം ഉള്ളവരോട് സൈജു സംസാരിച്ചിരുന്നോവെന്ന് പരിശോധിക്കുകയാണ്. മറ്റാരെങ്കിലും ഇയാളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നോവെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹോട്ടലിനു പുറമേവെച്ച് താൻ ഇവരോട് സംസാരിച്ചിരുന്നുവെന്നും എന്നാൽ അത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിലെ അപകടമാണ് ചൂണ്ടിക്കാണിച്ചത് എന്നുമാണ് ഇയാൾ പോലീസിനോട് ആവർത്തിക്കുന്നത്.
യാത്രാമധ്യേ വീണ്ടും കാറിൽ പിറകെ ചെന്ന് ഇത് വീണ്ടും പറഞ്ഞതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഇത് മുഴുവനായും വിശ്വസിച്ചിട്ടില്ല. സൈജു പറയുന്നതിലെ വിശ്വാസ്യത ഉറപ്പ് വരുത്താൻ കേസിൽ അറസ്റ്റിലായ അബ്ദുറഹ്മാനെ വീണ്ടും ചോദ്യം ചെയ്തിരുന്നു.
അതേസമയം, അപകടത്തിൽ രക്ഷപ്പെട്ട ബൈക്ക് യാത്രക്കാരൻ ഡിനിൽ ഡേവിസിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തന്റെ ബൈക്കിനെ പിന്നിൽ വന്നിടിച്ച് കാറിനെക്കുറിച്ച് വ്യക്തമായി അറിയില്ല എന്നാണ് ഡിനിന്റെ മൊഴി. ഇടിയേറ്റ് ഒറ്റ റോഡിന് വശത്തേക്ക് തെറിച്ചുവീണ് വീണ ഇയാളെ പോലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്.