ദേശീയപാതയിലൂടെ പോവുകയായിരുന്ന ഒരു ലോറിയുടെയും രണ്ട് കാറുകളുടെയും മുൻവശത്തെ ഗ്ലാസുകൾ കല്ലേറിൽ തകർന്നിരുന്നു. ഉടൻതന്നെ ഡ്രൈവർമാർ വിവരമറിയിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി. സമീപത്തെ കെട്ടിടങ്ങളിൽ നിന്നാണോ കല്ലേറുണ്ടായതെന്ന് ആദ്യം സംശയിച്ചെങ്കിലും, പ്രദേശവാസിയായ ഒരാളിൽ നിന്ന് ലഭിച്ച കാറിനെക്കുറിച്ചുള്ള സൂചന അന്വേഷണത്തിൽ നിർണ്ണായകമായി. ഈ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
പോലീസ് പ്രതികളുടെ വീട്ടിലെത്തുമ്പോൾ ഇരുവരും ഉറക്കത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ, മദ്യപിച്ച ശേഷം വെറുതെ വിനോദത്തിനായി കല്ലും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് വാഹനങ്ങളെ എറിയുകയായിരുന്നു എന്ന് ഇവർ സമ്മതിച്ചു. ഗ്ലാസ് തകർന്നപ്പോൾ ഡ്രൈവർമാർ സംയമനം പാലിച്ചത് വലിയ അപകടങ്ങൾ ഒഴിവാക്കിയെന്ന് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ പറഞ്ഞു.
advertisement
പ്രധാന പ്രതി വരുണിന്റെ പേരിൽ മുൻപ് കേസുകളൊന്നുമില്ല. എന്നാൽ, കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൾ മുൻപ് പല കേസുകളിലും ഉൾപ്പെട്ട് ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുള്ളയാളാണ്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും ഇത്തരമൊരു അതിക്രമത്തിൽ പങ്കാളിയായത്. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്‌ഐ നിതീഷ്, സിപിഒമാരായ അൻഷാദ്, അബ്ദുൽ മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
