കല്യാണ വീട്ടിൽ ഇന്നലെ രാത്രി ഉണ്ടായ തർക്കത്തിന്‍റെയും സംഘർഷത്തിന്‍റെയും തുടർച്ചയാണ് ഇന്നത്തെ ബോംബേറ്. കണ്ണൂർ തോട്ടടയിൽ ഇന്ന് ഉച്ചയ്ക്ക് വിവാഹ സംഘത്തിന് നേരെയുള്ള ബോംബേറിലാണ് ജിഷ്ണു കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് ആക്രമണം നടത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തിയേക്കും. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
Also Read- കണ്ണൂരിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു; ആക്രമണം കല്യാണവീട്ടിലേക്ക് വരുന്നതിനിടെ
advertisement
ഉച്ചക്ക് രണ്ടു മണിയോടെയാണ് വിവാഹ സംഘത്തിന് നേരെ ബോംബേറുണ്ടായത്. ആദ്യം സ്ഫോടനത്തിൽ ജിഷ്ണുവിന്റെ തലയേട്ടി ചിതറിപ്പോയി. ബോംബുമായി എത്തിയ സംഘത്തിൽപെട്ട ആളാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്. സ്ഫോടനത്തിൽ ഹേമന്ത് , അനുരാഗ് രജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം വിവാഹത്തിന് മുന്നോടിയായുള്ള സൽക്കാര പരിപാടിയിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാട്ട് വെയ്ക്കുന്നതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായത്. ചാലാട് ഉള്ള വധു ഗൃഹത്തിൽ നിന്ന് വിവാഹസംഘം മടങ്ങുമ്പോൾ തോട്ടട മനോരമ ഓഫീസിന് സമീപത്ത് വെച്ചാണ് ബോംബേറ് ഉണ്ടായത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാത്തതിനെ തുടർന്നാണ് രണ്ടാമത്തെ ബോംബ് എറിഞ്ഞത്. പിന്നീട് പൊട്ടാത്ത ബോംബ് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
എസ് പി , പി ബി രാജീവ്, ഡി വൈ എസ് പി, പി പി സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് നിന്ന് പൊട്ടാത്ത ബോംബ് പോലീസ് പിന്നീട് കണ്ടെടുത്തു. പ്രതികളെ സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രധാന പ്രതി ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ജിഷ്ണുവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.