യുഎപിഎ ഒഴിവാക്കിയതോടെ കൊലപാതകം, സ്ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. മാർട്ടിനെതിരെ യുഎപിഎ ചുമത്താനുള്ള എല്ലാ നടപടിയും അന്വേഷണസംഘം സ്വീകരിച്ചെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. യുഎപിഎ ചുമത്താനുള്ള അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ എസ് സുദർശനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞിരുന്നു. പ്രാർത്ഥനക്കിടെയാണ് സ്ഫോടനം നടന്നത്. താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം പ്രതി ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിനിടെ ഗുരുതര പരിക്കേറ്റവര്‍ അടക്കം 294 സാക്ഷികളാണ് കേസിലുള്ളത്.
advertisement
2500ഓളം പേര് സമ്മേളന സ്ഥലത്തുണ്ടായിരിക്കെയാണ് പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം സ്ഫോടനം നടത്തിയത്. സംഭവദിവസം രണ്ട് പേരും തുടര്‍ന്നുള്ള ദിവസങ്ങളിൽ ആറുപേരും മരിച്ചു. ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്പന്, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ് മരിച്ചത്.