ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നും വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കു മാറ്റേണ്ടി വരുമെന്നും ഡോക്ടർമാർ പറഞ്ഞു.
ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശിയായ പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് മാനഭംഗത്തിനിരയായത്. ഉയർന്ന ജാതിക്കാരായ നാലു പേരാണ് പെൺകുട്ടിയെ ക്രൂര മാനഭംഗത്തിന് ഇരയാക്കിയത്. പ്രതികളായ നാലു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൂട്ട മാനഭംഗത്തിനും കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
advertisement
അമ്മയ്ക്കും സഹോദരനുമൊപ്പം പുല്ലുവെട്ടാൻ പോയതായിരുന്നു പെൺകുട്ടി. സഹോദരൻ ഒരു കെട്ടു പുല്ലുമായി വീട്ടിലേക്ക് മടങ്ങി. എന്നാൽ അമ്മയും പെൺകുട്ടിയും അവിടെ നിന്നു. ഇതിനിടെ അമ്മ ഒന്ന് മാറിയപ്പോൾ അക്രമികൾ പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി ബാജ്റ പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് സഹോദരൻ പൊലീസിനോട് പറഞ്ഞത്.
പെൺകുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ അമ്മ അവൾക്കായി അന്വേഷണം നടത്തി. ഇതിനിടെയാണ് അബോധാവസ്ഥയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. അതേസമയം കേസിൽ പൊലീസ് ആദ്യം ഇടപെട്ടില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.
എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു. കൃത്യ സമയത്ത് ഇടപെട്ടുവെന്നും ആദ്യം പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. ഇയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാൻ എസ്പി ശുപാർശ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.