ഭൂമി തർക്കത്തെ തുടർന്ന് തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് മാർച്ച് പതിനഞ്ചിന് ദളിത് കുടുംബത്തിൽ നിന്നുള്ള വ്യക്തി റോഹെത് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, കുടുംബത്തെ ഭീഷണിപ്പെടുത്തിയ താകുർ ഹുകും സിംഗ് രാജ്പുതിനും ആറു പേർക്കും എതിരെ എഫ് ഐ ആർ ഫയൽ ചെയ്യുകയും ചെയ്തു.
എഫ് ഐ ആർ ഫയൽ ചെയ്ത് മൂന്നു ദിവസത്തിനു ശേഷം ആരോപണവിധേയരായവർ പരാതിക്കാരന്റെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന്റെ അമ്മയ്ക്കും ഗർഭിണിയായ സഹോദരിക്കും പരിക്കേറ്റു.
advertisement
തീപിടുത്ത സാധ്യത: എ സി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്
'പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പത്ത് - പന്ത്രണ്ട് ആളുകൾ ഞങ്ങളെ വീണ്ടും ആക്രമിച്ചു. ഞങ്ങളെ അധിക്ഷേപിച്ചു. എന്റെ അമ്മയെയും ഗർഭിണിയായ സഹോദരിയെയും മർദ്ദിച്ചു.' - പരാതിക്കാരനായ അശോക് കുമാർ മേഗ് വാൾ പറഞ്ഞു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യന്ത്രി, ഡി ജി പി, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർക്ക് എഴുതിയതായും എന്നാൽ, ആരോപണവിധേയർക്ക് എതിരെ നടപടി എടുത്തില്ലെന്നും മേഗ് വാൾ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദളിത് കുടുംബം 2019 മുതൽ രണ്ട് കോടതി കേസുകളുമായി പോരാടുകയാണ്.
'തലമുറകളായി ഞങ്ങൾ ഈ ഭൂമിയിൽ താമസിച്ചു വരികയാണ്. എന്നാൽ, ഹുകും സിംഗ് ഈ സ്ഥലം ഉപേക്ഷിച്ചു പോകാൻ ഞങ്ങളുടെ മേൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തുകയാണ്. കൂടാതെ, ഞങ്ങളുടെ കൈയിൽ നിന്ന് പണവും ആവശ്യപ്പെടുകയാണ്' - അശോക് കുമാർ മേഗ് വാൾ ആരോപിച്ചു.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അമ്മയുടെ അപേക്ഷയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഏതായാലും സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചുള്ള ഈ വീഡിയോയെ തുടർന്ന് കേസിൽ പൊലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്.
അതേസമയം, മോഷണം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾ ആരോപിച്ച് മേഗ് വാളിന്റെ കുടുംബത്തിന് എതിരെ മറുവിഭാഗവും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മേഗ് വാളിന്റെ പരാതിയിൽ ഇന്ത്യൻ പീനൽ കോഡിലെ എസ് സി , എസ് ടി ആക്ട് അനുസരിച്ച് പൊലീസ് ആരോപണവിധേയർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലി എസ് പി കാലു റാം റാവത്ത് അറിയിച്ചതാണ് ഇക്കാര്യം.
സംഭവവുമായി ബന്ധപ്പെട്ട നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എഫ്‌ഐആറിൽ പേരുള്ള മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തിരച്ചിൽ തുടരുകയാണെന്നും എസ് പി അറിയിച്ചു. കുടുംബത്തിന് സുരക്ഷയും നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
