അതിനിടെ ലീനാമണിയുടെ കൊലപാതകത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി. കോടതിയുടെ ഉത്തരവുണ്ടായിട്ടും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നാണ് ആരോപണം. സിയാദിന്റെ മരണശേഷം സ്വത്തിന്റെ പേരില്‍ സഹോദരന്മാര്‍ തര്‍ക്കം ഉന്നയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ലീനാമണിയുടെ ജീവന് ഭീഷണിയുണ്ടായിട്ടും വീട്ടിലെ മറ്റ് താമസക്കാരെ ഒഴിവാക്കിയിരുന്നില്ല. ശനിയാഴ്‌ച കോടതിയുടെ സംരക്ഷണ ഉത്തരവുമായി പൊലീസ് ലീനാമണിയുടെ വീട്ടിലെത്തിയതാണ് പ്രതികളെ ചൊടിപ്പിച്ചത്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് ലീനാമണിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ ലീന മണിയെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലുകയായിരുന്നു. ലീനയുടെ ഭര്‍തൃ സഹോദരങ്ങളായ അഹദ്, മുഹ്സിന്‍, ഷാജി എന്നിവരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
advertisement
ലീനയുടെ ഭര്‍ത്താവ് സിയാദ് ഒന്നര വര്‍ഷം മുന്‍പാണ് മരണപ്പെട്ടത്. ശേഷം സിയാദിന്‍റെ പേരിലുള്ള സ്വത്തുവകകള്‍ സഹോദരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഒന്നരമാസം മുന്‍പ് സഹോദരന്‍ അഹ്മദും കുടുംബവും ലീനയുടെ വീട്ടിലെത്തി താമസം ആരംഭിച്ചു.
