ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പേരുമല സൽമാസിൽ അഫാൻ (23) മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ ഷാജിതാ ബീവി(59), പിതാവിന്റെ ഉമ്മ സൽമാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശി ഫർസാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ അമ്മ ഷെമിക്ക് (40) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവർ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement
ഓരോ കൊലപാതകവും പ്രത്യേക കേസായാണ് പരിഗണിക്കുന്നത്. നിലവിൽ മൂന്ന് കൊലക്കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിതൃമാതാവ് സൽമാബിവി, സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ ഷാജിതയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തും.
അഫാന്റെ മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയിരുന്നു. പ്രതിയുടെ മാനസികനിലയിൽ പ്രശ്നമില്ലെന്നാണ് മെഡിക്കൽ കോളേജിലെ മനോരോഗ വിദഗ്ധൻ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകവും തുടർന്നുണ്ടായ പ്രശ്‌നങ്ങളും അഫാന്റെ മാനസികനിലയെ ബാധിച്ചിട്ടില്ലെന്നാണ് മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ. രക്തസാംപിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെങ്കിലും മദ്യം അല്ലാതെ, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്നാണ് ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചത്.
സാമ്പത്തികമായി സഹായിക്കാത്ത അമ്മാവനെയും മകളെയും പകതോന്നി കൊലപ്പെടുത്താൻ അഫാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയെന്നാണ് മൊഴി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാജിത, പെൺസുഹൃത്ത് ഫർസാന, ഇളയസഹോദരൻ അഫ്‌സാൻ, മാതാവ് ഷെമി എന്നിവരെ കൊലപ്പെടുത്തിയതിനു ശേഷം തട്ടത്തുമലയിലെത്തി രണ്ടുപേരെക്കൂടി കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ, അനുജൻ അഫ്‌സാൻ കൺമുന്നിൽ മരിച്ചതോടെ എല്ലാ ധൈര്യവും ചോർന്നുവെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്.
