നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. അക്കൗണ്ട് നമ്പരുംഐ.എഫ്.എസ്.ഇ. കോഡും യോജിക്കുന്നെങ്കില്‍ അക്കൗണ്ട് ഉടമയുടെ പേര് പരിഗണിക്കാതെ തന്നെ ഈ സംവിധാനം വഴി പണം പിൻവലിക്കാം.
ബാങ്കുകളില്‍ സാധാരണ അതത് ദിവസങ്ങളിലെ ഇടപാടുകളുടെ വൗച്ചറുകള്‍ ഉച്ചയ്ക്കുശേഷം പരിശോധിക്കണമെന്നാണ് നിയമം. വൈകീട്ട് എല്ലാ ഇടപാടുകളുടെയും പ്രിന്റ് എടുത്ത് പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് രണ്ടും മാസങ്ങളായി നടന്നിട്ടില്ലെന്നാണ് സൂചന.
ഫിക്സഡ് ഡെപ്പോസിറ്റ് പിന്‍വലിക്കാനെത്തുന്നവരില്‍നിന്ന് അപേക്ഷയും രസീതും വാങ്ങും. രണ്ടിലെയും ഒപ്പ് ഒന്നുതന്നെയെന്ന് ഉറപ്പുവരുത്തും. പിന്നീട് ഇത് പാസാക്കേണ്ടത് അക്കൗണ്ടന്റോ ബ്രാഞ്ച് മാനേജരോ ആണ്. ഉയര്‍ന്ന തസ്തികയിലുള്ളവരുടെ പാസ്വേഡ് മനസ്സിലാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങളെന്നും ഓഡിറ്റ് വിഭാഗം സംശയിക്കുന്നു.
advertisement
ഇതിനിടെ വിജീഷ് വര്‍ഗീസിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രത നിര്‍ദ്ദേശമുണ്ട്. ഭാര്യയ്ക്കും രണ്ടും നാലും വയസ്സുള്ള മക്കള്‍ക്കുമൊപ്പമാണ് വിജീഷ് നാടുവിട്ടത്. ഇതില്‍ ഇയാള്‍ക്കൊഴികെ മറ്റ് മൂന്ന് പേര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ല. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ജില്ല പോലീസ് മേധാവി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Also Read കേരളത്തിലും ബ്ലാക്ക് ഫംഗസ്; രോഗം സ്ഥിരീകരിച്ചത് ഏഴു പേര്‍ക്ക്
തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് നിക്ഷേപിച്ചത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് മാത്രം 39 തവണയാണ് ഇയാള്‍ പണം നിക്ഷേപിച്ചത്. സ്വന്തം അക്കൗണ്ടിലേക്ക് 68 തവണയും പണം ഇട്ടിട്ടുണ്ട്. ഇതിന് പുറമെ അമ്മ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേരുടെ അക്കൗണ്ടുകളിലേക്ക് കൂടി പണം എത്തിയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാലും നിലവില്‍ വിജീഷ് വര്‍ഗീസിനെ മാത്രം പ്രതിയാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
പത്തനംതിട്ട കാനറ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കായിരുന്നു വിജീഷ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തട്ടിപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 14 മാസം കൊണ്ടാണ് വിവിധ അക്കൗണ്ടുകളില്‍ നിന്നായി തുക തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെ കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി പരാതി ലഭിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

