നേരത്തെ പരീക്ഷ കോപ്പിയടിയിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സൈബർ സെൽ ഡിവൈ.എസ്.പി കരുണാകരനാണ് പ്രത്യേക സംഘത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാരും സംഘത്തിലുണ്ട്. വി എസ് എസ് സി കോപ്പിയടി, സൈബർ സെൽ വിശദമായി അന്വേഷിക്കും. മൂന്ന് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളാണ് അന്വേഷിക്കുക.
ഹരിയാനയിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ എന്നാണ് കണ്ടെത്തൽ. ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയിൽ പങ്കെടുത്തത്. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികൾ. ഇത്രയും പേർ ഹരിയാനയിൽ നിന്ന് പങ്കെടുത്തതിലെ അസ്വാഭാവികതയും പൊലീസ് അന്വേഷിക്കും. ഹരിയാനയിലെ കോച്ചിംഗ് സെന്ററാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്രം.
advertisement
പൊലീസിന് ലഭിച്ച ഫോൺകോളിലൂടെയാണ് തട്ടിപ്പ് കണ്ടത്താൻ സാധിച്ചത്. ഹെഡ് സെറ്റും ഫോണും ഉപയോഗിച്ച് പരീക്ഷ എഴുതാൻ ശ്രമമുണ്ടാകുമെന്നായിരുന്നു മ്യൂസിയം പോലീസിന് ഹരിയാനയിൽ നിന്ന് ലഭിച്ച സന്ദേശം. കോച്ചിംഗ് സെന്ററുകളുടെ കിടമത്സരമാണ് രഹസ്യം ചോർത്തിയതെന്നാണ് നിഗമനം. സന്ദേശത്തെ തുടർന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയായിരുന്നു.
Also Read – VSSC പരീക്ഷാ തട്ടിപ്പിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് ഹരിയാനയിൽ നിന്ന്; അന്വേഷണത്തിന് പ്രത്യേക സംഘം
ഉദ്യോഗാർത്ഥികൾക്ക് പകരം ആൾമാറാട്ടത്തിലൂടെ പരീക്ഷ എഴുതിയവർക്ക് വൻ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഉദ്യോഗാർത്ഥികളുടെ ഫോൺ ആൾമാറാട്ടം നടത്തിയവരുടെ പക്കൽ നൽകിയിരുന്നു. വിമാന ടിക്കറ്റ് ഉൾപ്പെടെ ഇവർക്ക് നൽകുകയും ചെയ്തു. നൂറുകണക്കിനു പേർ പങ്കെടുക്കുന്ന പരീക്ഷയായിട്ടും വിഎസ്‌എസ്‌സി സുരക്ഷാ പരിശോധനകൾ നടത്താത്തത് തട്ടിപ്പുകാർക്ക് സഹായകരമായി.
നീറ്റ് പരീക്ഷ അടക്കമുള്ള പ്രധാന പരീക്ഷകളിലേതുപോലെ സുരക്ഷാപരിശോധന ഏർപ്പെടുത്തിയിരുന്നെങ്കിൽ തട്ടിപ്പുകാർ ഹാളിൽ കടക്കുന്നത് ഒഴിവാക്കാമായിരുന്നു. മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫ് ചെയ്ത് ഹാളിനു പുറത്തുവയ്ക്കണമെന്ന നിർദേശം മാത്രമാണ് അധികൃതർ നൽകിയത്. ദേഹപരിശോധ നടത്തിയില്ല. ബെൽറ്റും ഷൂസും ഒഴിവാക്കാൻ നിർദേശമുണ്ടായിരുന്നില്ല. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ പൊലീസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്തിയതാണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.
വിഎസ്എസ്‌സിയിൽനിന്ന് പരീക്ഷാ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരും ഒരു സിഐഎസ്എഫ് സുരക്ഷാഭടനും സെന്ററുകളിൽ എത്തിയിരുന്നു. പരീക്ഷാ ഹാളിലെ അധ്യാപകർക്കു പുറമേ 5 ക്ലാസ് മുറികളുടെ ചുമതല വിഎസ്എസ്ഇയിലെ ഒരു ജീവനക്കാരനു നൽകി.
പൊലീസിന്റെ മുന്നറിയിപ്പ് കിട്ടിയതോടെ വിഎസ്എസ്‌സി അധികൃതർ ഡേറ്റാ ബാങ്ക് പരിശോധിച്ചു. മൂന്നു ഹരിയാന സ്വദേശികൾ നഗരത്തിലെ രണ്ട് സ്കൂളുകളിൽ പരീക്ഷ എഴുതുന്നതായി മനസ്സിലാക്കി. ഒരാൾ പരീക്ഷയ്ക്ക് ഹാജരായില്ല. പട്ടം സെന്റ് മേരീസ് സ്കൂളിലാണ്, അറസ്റ്റിലായ സുമിത്ത് പരീക്ഷയെഴുതിയത്. സുനിൽ വഴുതക്കാട് കോട്ടൺഹിൽ സ്കൂളിലും. സുമിത്ത് ചെവിയിൽ ഇടയ്ക്കിടെ പിടിക്കുന്നത് ശ്രദ്ധിച്ച അധ്യാപികയാണ് വിഎസ്എസ്‌സി ജീവനക്കാരോട് വിവരം പറഞ്ഞത്. അവർ നടത്തിയ പരിശോധനയിൽ ഉപകരണങ്ങൾ കണ്ടെത്തി.
സമാനമായി, കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയും സംശയമുള്ള ആളിനെക്കുറിച്ചുള്ള വിവരം കൈമാറി. പരിശോധനയിൽ ഉപകരണങ്ങൾ കണ്ടെടുത്തതോടെ പൊലീസിനെ വിവരം അറിയിച്ചു. മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത സുമിത്ത് സാങ്കേതിക വിദ്യയിൽ ഹൈടെക് ആണെന്നു പൊലീസ് പറയുന്നു. ഇയാൾ വയറിൽ കെട്ടിവച്ചിരുന്നത് പഴയ മൊബൈൽ ഫോൺ ആയിരുന്നു. പരീക്ഷ ഹാളിൽ വച്ച് ഇതിന്റെ കവർ പൊളിച്ച് ക്യാമറ മാത്രം വയറിന് ഉള്ളിലൂടെ ഷർട്ടിന്റെ ബട്ടൺ ദ്വാരത്തിൽ എത്തിച്ചു. ചോദ്യങ്ങൾ സ്കാൻ ചെയ്തു പുറത്തുള്ളയാൾക്ക് കൈമാറി. ഇയർ ബഡിലൂടെ ഉത്തരങ്ങൾ ലഭിക്കാനായി കാത്തിരുന്നു. പരീക്ഷ ഹാളിൽ ഉണ്ടായിരുന്ന അധ്യാപകൻ പിടികൂടിയതിനാൽ ഒരു ചോദ്യത്തിനും ശരിയുത്തരം എഴുതാൻ സാധിച്ചില്ല. നേരത്തെയും ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. സുനിൽ 75 മാർക്കിന്റെ ഉത്തരം എഴുതിയിരുന്നു.