സാലിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ബന്ധുക്കളും അയല്‍വാസികളും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കവര്‍ച്ചയ്ക്കു വേണ്ടി മാത്രമാണ് മോഷണം നടന്നതെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കാത്തത്. വീട്ടില്‍ ആരെങ്കിലും എത്തിയാല്‍ കൊല്ലപ്പെട്ട വീട്ടമ്മ ഷീബ ജനാലയിലൂടെ നോക്കി പുറത്തെത്തിയവര്‍ ആരെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മുന്‍വശത്തെ കതക് തുറക്കാറുള്ളൂ. പരിചിതരല്ലാത്തവരെ വീട്ടിനുള്ളിലേക്ക് പ്രവേശിപ്പിക്കാറുമില്ല.
ഏതെങ്കിലും മാര്‍ഗത്തിലൂടെ ഇരുവരെയും വകവരുത്തണമെന്നു തന്നെ കൊലയാളി നിശ്ചയിച്ചുറപ്പിച്ചതായാണ് കൊല നടത്തിയ രീതിയില്‍ നിന്നും വെളിവാകുന്നത്. തലയ്ക്കടിച്ച് കൊന്നശേഷം മരണം ഉറപ്പുവരുത്താന്‍ ശരീരത്തില്‍ ഇരുമ്പുകമ്പി കെട്ടി ഷോക്കടിപ്പിച്ചു. തുടര്‍ന്ന്, ഗ്യാസ് സിലിണ്ടര്‍ തുറന്നു. കൊലയ്ക്കുശേഷം ഉടന്‍ തന്നെ ആരെങ്കിലും വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ചാല്‍ പോലും വീട്ടിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടായേനെ. വീടു പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. അടുക്കളവാതിലും അടച്ച നിലയില്‍.
advertisement
സാലിയുടെയും ഭാര്യയുടെയും രണ്ടു ഫോണുകളും സ്ഥലത്തുനിന്ന് നഷ്ടമായതായി പൊലീസ് അറിയിച്ചു. തെളിവിന് സഹായമായ എന്തെങ്കിലും ഫോണിലേക്ക് എത്തിയിരുന്നുവെങ്കില്‍ ഇല്ലാതാക്കുകയായിരുന്നു കൊലയാളിയുടെ ലക്ഷ്യം. ഒരു ഫോണ്‍ താഴത്തങ്ങാടിയുടെ സമീപമുള്ള ഇല്ലിക്കല്‍ ടവറിനു കീഴില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഷീബയുടെ ഫോണ്‍ വൈക്കത്തെ ടവര്‍ താണ്ടിയിട്ടുണ്ട്. വീട്ടില്‍ നിന്നും മോഷ്ടിച്ച കാര്‍ വൈക്കം വരെയെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. വിവിധ ടവറുകള്‍ക്ക് കീഴില്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായുള്ള ആയിരത്തിലധികം കോളുകള്‍ പൊലീസ് പരിശോധിച്ചു കഴിഞ്ഞു.
You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവർ അഴിയെണ്ണും; സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു [NEWS]
ഈ രീതിയിലാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബത്തിന് മുന്‍പരിചയമുള്ള കൊലയാളി വീട്ടിലെത്തി കോളിംഗ് ബെല്‍ അടിക്കുന്നു. ഷീബ ജനാലയിൽ കൂടി നോക്കിയ ശേഷം വാതില്‍ തുറക്കുന്നു. ഹാളില്‍ സാലിയുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ വെള്ളമെടുക്കാനായി ഷീബ അകത്തേക്ക് പോകുന്നു. തിരികെയെത്തുമ്പോള്‍ അടിയേറ്റ് സാലി താഴെ. ഉടന്‍ തന്നെ ഷീബയ്ക്കു നേരെയും ആക്രമണം. മുന്‍വശത്തു നിന്നാണ് അടിയേറ്റിരിക്കുന്നത്.
ഭാരമുള്ള മൂര്‍ച്ച കുറഞ്ഞ ആയുധമാണ് ഉപയോഗിച്ചിരിക്കുന്നത്. അടിയില്‍ രണ്ടു പേരുടെയും തലച്ചോറിന് വലിയ ക്ഷതങ്ങളാണ് ഏറ്റിരിക്കുന്നത്. ആയുധത്തിന്റെ ഒരു വശം സീലിംഗ് ഫാനില്‍ കൊണ്ടതിനാല്‍ ലീഫ് വളഞ്ഞ നിലയിലാണ്. വെള്ളം കൊണ്ടുവന്ന ഗ്ലാസ് തറയില്‍ പൊട്ടിക്കിടക്കുന്നതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. കൃത്യം നടത്തിയ ശേഷം കതകു പൂട്ടി താക്കോലുമായി കടന്നു കളഞ്ഞു. വാഹനത്തില്‍ പോകുന്നത് പിടിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും ആഭരണങ്ങള്‍ക്കൊപ്പം വാഹനവും കൊണ്ടുപോയത് കവര്‍ച്ചയെന്ന് വിശ്വസിപ്പിക്കാനാണോയെന്നും പൊലീസിന് സംശയമുണ്ട്.