ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.ലോകേന്ദ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലോകേന്ദ്രയുടെ ഭാര്യ,കാമുകൻ മഹേഷ് പ്രജാപതി, ഇയാളുടെ സുഹൃത്ത് ധരംവീർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മദ്യക്കുപ്പികളിലെ ക്യൂ ആർ കോഡാണ് പ്രതികളിലേക്കെത്തുന്നതിൽ നിർണായകമായത്.
ഏപ്രിൽ ഒന്നിന് രാത്രി സയ്യാൻ മേഖലയിൽ നിന്നാണ് പകുതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിപ്പോയതിനാൽ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുക പോലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ കൈത്തണ്ടയിലെ പച്ചകുത്തൽ (ടാറ്റൂ) നശിക്കാതെ ബാക്കിയുണ്ടായിരുന്നു. 'ലോകേന്ദ്ര' എന്ന പേരായിരുന്നു അതിൽ ഉണ്ടായിരുന്നത്. തൊട്ടുടുത്ത ദിവസം ലോകേന്ദ്രയുടെ സഹോദരൻ പോലീസിൽ പരാതി നൽകി. രാത്രി വീട്ടിൽ തിരിച്ചെത്തിയില്ലെന്നും മഹേഷ് പ്രജാപതിക്കൊപ്പമാണ് ലോകേന്ദ്രയെ അവസാനമായി കണ്ടതെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
advertisement
കൊലപാതകത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ അഞ്ച് ടീമുകളെയാണ് പോലീസ് നിയോഗിച്ചത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച മദ്യക്കുപ്പികളും കടലാസ് കഷണങ്ങളുമാണ് കേസിൽ നിർണ്ണായകമായത്. ഈ തെളിവുകൾ പിന്തുടർന്ന് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയി.
മതിയായ തെളിവുകൾ ലഭിച്ചതോടെ ലോകേന്ദ്രയുടെ ഭാര്യയെയും കാമുകൻ മഹേഷ് പ്രജാപതിയെയും ഇയാളുടെ സുഹൃത്ത് ധരംവീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിലേക്ക് നയിച്ച രഹസ്യങ്ങൾ പുറത്തുവന്നത്. ലോകേന്ദ്രയുടെ ഭാര്യയുമായി താൻ ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് മഹേഷ് പോലീസിനോട് സമ്മതിച്ചു. അടുത്തിടെ ലോകേന്ദ്ര വിവരം അറിയുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. തുടർന്നാണ് ഭർത്താവിനെ വകവരുത്താൻ കാമുകീ കാമുകന്മാർ പദ്ധതിയിട്ടത്.
ഏപ്രിൽ ഒന്നിന് ലോകേന്ദ്ര വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഭാര്യ വിവരം മഹേഷിനെ വിളിച്ചറിയിച്ചു. വഴിയിൽ വെച്ച് ലോകേന്ദ്രയെ കണ്ടുമുട്ടിയ മഹേഷ് മദ്യപിക്കാൻ ക്ഷണിച്ചു. പരിചയക്കാരനായതിനാൽ ലോകേന്ദ്ര സമ്മതിച്ചു. ധരംവീറും ഇവർക്കൊപ്പം ചേർന്നു. മദ്യവും ലഘുഭക്ഷണവും വാങ്ങി പാടത്തിരുന്ന് ഇവർ മദ്യപിച്ചു. ലഹരി തലയ്ക്കു പിടിച്ചതോടെ മഹേഷും ധരംവീറും ചേർന്ന് ലോകേന്ദ്രയെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി. തുടർന്ന് പെട്രോൾ ഒഴിച്ച ശേഷം ഗോതമ്പ് കെട്ടുകൾ കൊണ്ട് മൃതദേഹം മൂടി തീയിടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച കടലാസ് കഷണങ്ങൾ പരിശോധിച്ചപ്പോൾ ഒരു പഴക്കച്ചവടക്കാരൻ ഉപയോഗിക്കുന്നവയാണെന്ന് മനസ്സിലായി. മദ്യക്കുപ്പികളിലെ ക്യുആർ കോഡുകൾ വഴി അത് വാങ്ങിയ കടയും കണ്ടെത്തി. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് വെസ്റ്റ് ആഗ്ര ഡിസിപി ആദിത്യ കുമാർ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
