ഒരുമിച്ച് ജീവിക്കാൻ അഞ്ച് മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ യുവതിയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ചിന്നതി ഗ്രാമത്തിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് യുവതിയുടെ ഭർത്താവ് പരാതിയുമായി എത്തിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത് സംഭവത്തിൽ 26 കാരിയായ ഭാരതി ഇവരുടെ ലെസ്ബിയൻ പങ്കാളി സുമിത്ര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
പാൽ കൊടുക്കുന്നതിനിടെ കുഞ്ഞിന്റെ ബോധം പോയെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴി കുഞ്ഞ് മരിച്ചെന്നുമാണ് അമ്മയായ ഭാരതി പ്രചരിപ്പിച്ചത്. പിന്നീട് കുട്ടിയെ അവരുടെ കൃഷിഭൂമിയിൽ അടക്കം ചെയ്തു. എന്നാൽ പിന്നീട് സംശയം തോന്നിയ ഭർത്താവ് സുരേഷ് ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോൾ ഭാര്യയും പങ്കാളിയായ സുമിത്രയും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും കണ്ടെത്തുകയും ഇവയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു. കുഞ്ഞിനെ കൊന്നതായി ഭാരതി സമ്മതിച്ചതായി പറയപ്പെടുന്ന റെക്കോർഡുചെയ്‌ത ഫോൺ സംഭാഷണവും സുരേഷ് പൊലീസിന് കൈമാറി. തുടർന്ന് ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ദിവസവേതനക്കാരനായ സുരേഷിനും 26 കാരിയായ ഭാരതിക്കും നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺമക്കളുണ്ട് . കഴിഞ്ഞ മൂന്ന് വർഷമായി ഭാരതിയും സുമിത്രയും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഭാരതിയുടെ മൂന്നാമത്തെ പ്രസവത്തിനുശേഷം ഇരുവർക്കും ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാൻ കഴിയാത്തതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
