കെട്ടിട നിയമങ്ങളിലെ എല്ലാ വകുപ്പുകളും പാലിക്കുന്ന വിധത്തിൽ നിരവധി മാറ്റങ്ങൾ പദ്ധതിയുടെ രൂപരേഖയിൽ വരുത്തിയിട്ടുണ്ടെന്ന് ഡിഎഫ്എസ് മേധാവി അതുൽ ഗാർഗ് ന്യൂസ് 18-നോട് പറഞ്ഞു. അതിനാൽ ഈ പദ്ധതി രാജ്യത്തെ ഏറ്റവും മികച്ച അഗ്നിപ്രതിരോധമുള്ള കെട്ടിടമായി കരുതപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
“തീപിടിത്തം ഉണ്ടായാൽ ആളപായമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടി മാത്രമാണ് ഇതുമായി ബന്ധപ്പെട്ട മറ്റ് അധികൃതരുമായി നടന്ന നിരവധി ചർച്ചകളിൽ വീണ്ടു വീണ്ടും രൂപരേഖയിൽ മാറ്റം വരുത്തിയത്. രൂപരേഖയ്ക്ക് ഞങ്ങൾ അനുമതി നൽകിയതിന് ശേഷം മാത്രമാണ് നിർമ്മാണം തുടങ്ങിയത്. നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ വിശദമായി സംയുക്ത പരിശോധനയും നടത്തും,” അതുൽ ഗാർഗ് പറഞ്ഞു.
advertisement
also read : ആധാർ കാർഡ് ഉടമകൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; പട്ടിക പുറത്തിറക്കി UIDAI
ഏറ്റവും മികച്ച അഗ്നിപ്രതിരോധ സംവിധാനമുള്ള കെട്ടിടമായി മാറാൻ സെൻട്രൽ വിസ്തയുടെ രൂപരേഖ നിരവധി മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സെൻട്രൽ വിസ്തയുടെ മികച്ച 10 അഗ്നിപ്രതിരോധ സവിശേഷതകൾ എന്തെല്ലാമാണെന്ന് നോക്കാം:
പ്രവേശനവും ആന്തരിക റോഡുകളും
പാർലമെൻ്റ് കെട്ടിടത്തിനും മറ്റ് നിർമ്മിതികൾക്കും വീതിയുള്ള അപ്രോച്ച് റോഡും തീപിടിത്തം ഉണ്ടായാൻ അഗ്നിശമന സേനയ്ക്ക് എളുപ്പത്തിലും സുഗമമായും സഞ്ചരിക്കാൻ കഴിയുന്ന ആന്തരിക റോഡുകളും ഉണ്ടാകണം എന്നതായിരുന്നു പദ്ധതിയുടെ തുടക്കത്തിലെ ആദ്യ പരിഗണന.
“അപ്രോച്ച് റോഡ് ചെറുതായാൽ പ്രതികരണം വേഗത്തിൽ സാധ്യമാകും. വീതിയേറിയ അപ്രോച്ച് റോഡും സുഗമമായ മറ്റ് റോഡുകളും, തീപിടിത്തത്തിൻ്റെ വ്യാപ്തി അനുസരിച്ച് ഒന്നിലധികം അഗ്നിശമന വാഹനങ്ങൾ വിന്യസിക്കുന്നതും അവയുടെ നീക്കവും എളുപ്പമാക്കും,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പടികളുടെ പ്രാധാന്യം
പടിക്കെട്ടുകൾക്ക് ആവശ്യത്തിന് വീതി ഉണ്ടായിരിക്കണമെന്നും രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ പടികളുടെ എണ്ണം കുറയ്ക്കണമെന്നും കെട്ടിടത്തിൻ്റെ നിർമ്മാണ ചുമതലയുള്ള ആർക്കിടെക്റ്റുകളോട് ഫയർ ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കിയിരുന്നു. ആളുകളുടെ എണ്ണം, കെട്ടിടത്തിൻ്റെ ഉയരവും ഫ്ലോറുകളുടെ എണ്ണവും, കയറാനും ഇറങ്ങാനുമുള്ള വഴികളുടെ എണ്ണം ഇങ്ങനെ വിവിധ കാര്യങ്ങളെ ആശ്രയിച്ചാണ് പടികളുടെ വീതിയും എണ്ണവും തീരുമാനിക്കുന്നത്. നിരവധി ആളുകൾ ഒരുമിച്ച് പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ നീളം കൂടിയതും വീതി കുറഞ്ഞതുമായ പടിക്കെട്ടുകൾ തടസ്സം സൃഷ്ടിച്ചേക്കാം എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രക്ഷപെടാൻ ദൂരം കുറഞ്ഞ വഴി
തീപിടിത്തം ഉണ്ടായാൽ, ഏത് സെൻട്രൽ വിസ്ത കെട്ടിടത്തിലെയും വരാന്തയിലൂടെ രക്ഷപെടാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ ഇത് സാധ്യമാകണം. നിയമപ്രകാരം ഓരോ 15 മീറ്റർ കഴിയുമ്പോഴും കെട്ടിടത്തിൻ്റെ ഏതെങ്കിലും അറ്റം കാണണം. അങ്ങനെയാണെങ്കിൽ പുറത്തിറങ്ങാനുള്ള വഴി കണ്ടെത്താൻ ആളുകൾക്ക് അധിക ദൂരം സഞ്ചരിക്കേണ്ടി വരില്ല.
“കെട്ടിടത്തിൻ്റെ അറ്റത്തേക്കുള്ള ദൂരം കുറവാണ് എന്നുറപ്പാക്കാൻ നിരവധി തവണ രൂപരേഖയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. വേഗത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇത് അഗ്നിശമന സേനയെ സഹായിക്കുന്നതോടൊപ്പം കെട്ടിടത്തിൽ ഉള്ളവർക്ക് വേഗത്തിൽ രക്ഷപെടാനും ഇത് വഴിയൊരുക്കും,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കമ്പാർട്ട്മെൻ്റേഷൻ
നിലയുടെ വലിപ്പമനുസരിച്ച് സെൻട്രൽ വിസ്തയിലെ ഓരോ നിലയും രണ്ടോ അതിലധികമോ കമ്പാർട്ട്മെൻ്റുകളായി തിരിച്ചിട്ടുണ്ട്. ഓരോ കമ്പാർട്ട്മെൻ്റിനെയും “അഗ്നി പ്രതിരോധ വാതിലിലൂടെ” അടുത്തതുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തീ പടരുന്നത് തടയാൻ ഇത് സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
തീപിടുത്തം ഉണ്ടായാൽ ഒരു കമ്പാർട്ട്മെൻ്റിൽ നിന്ന് അടുത്തതിലേക്ക് ആളുകളെ മാറ്റാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉയർന്ന അഗ്നി പ്രതിരോധ ഗ്രേഡുള്ള സ്റ്റീലും തടിയും കൊണ്ടാണ് പ്രത്യേക വാതിലുകൾ നിർമ്മിക്കുന്നത്. അതിനാൽ അവ കത്തിപ്പിടിക്കാൻ സമയമെടുക്കും. ഇത് തീകെടുത്താൻ അഗ്നിശമന പ്രവർത്തകർക്ക് സമയവും നൽകും.
ഫയർ ടവറുകൾ
തീ കെടുത്തുന്നതും രക്ഷാപ്രവർത്തനവും എളുപ്പമാക്കാൻ ഏതൊരു കെട്ടിടത്തിനും സമാന്തരമായി നിർമ്മിക്കുന്ന ടവറുകളാണിത്. ഇതിൽ നിന്ന് എല്ലാ ഫ്ലോറിലേക്കും പ്രവേശനമുണ്ടാകും. ഈ ടവറുകളിൽ, മർദ്ദം ക്രമീകരിക്കുന്ന സംവിധാനമുള്ള ഇരട്ട അഗ്നി പ്രതിരോധ വാതിലുകൾ എല്ലാ ഫ്ലോറിലും ഉണ്ടാകും.
ഓരോ ഫ്ലോറിലെയും രണ്ട് ഫയർ ചെക്ക് ഡോറുകൾക്കിടയിൽ മർദ്ദം ക്രമീകരിക്കാനാകുമെന്നും അതുവഴി പുക ടവറിലേക്ക് കടക്കുന്നത് തടയാനാകുമെന്നുമാണ് ഇതിനർത്ഥം. അഗ്നിശമന പ്രവർത്തകരും രക്ഷാപ്രവർത്തകരും മാത്രമേ ഈ ടവറിൽ പ്രവേശിക്കുകയുള്ളൂ. കെട്ടിടത്തിൻ്റെ പ്രധാന നിലയിലേക്ക് ബന്ധിപ്പിക്കുന്ന വഴിയല്ലാതെ ഇതിലേക്ക് കടക്കാൻ മറ്റു വഴികളും ഉണ്ടാകില്ല.
മർദ്ദം ക്രമീകരിക്കൽ സംവിധാനം
പടികളിലും ലിഫ്റ്റ് ലോബികളിലും പുകയും ചൂടുള്ള വായുവും കടക്കുന്നത് തടയാൻ ആക്സിൽ ഫാനുകൾ ഉപയോഗിച്ച് മർദ്ദം ക്രമീകരിക്കുന്ന സംവിധാനമാണിത്. ഇത് അഗ്നിശമന സേനാ പ്രവർത്തകരുടെയും രക്ഷാപ്രവർത്തകരുടെയും പ്രവേശനം എളുപ്പമാക്കുകയും പുക പടരുന്നത് തടയുകയും ചെയ്യുന്നു.
സെൻട്രൽ വിസ്തയിലെ ഉയരമുള്ള കെട്ടിടങ്ങളിലാണ് ഇത് സ്ഥാപിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പടിക്കെട്ടുകൾ, ലിഫ്റ്റ് ലോബികൾ, ഇടനാഴികൾ, ടവറുകൾ എന്നിവയിലേക്ക് പുകയും ചൂട് വായുവും കടക്കുന്നത് ഇത് തടയും.
പുകയുടെ നിയന്ത്രണം
കെട്ടിടത്തിൽ മെക്കാനിക്കൽ വെൻ്റിലേഷൻ്റെ ഉപയോഗം ഉറപ്പാക്കിയിട്ടുണ്ട് എന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “എക്സ്ഹോസ്റ്റ് ഫാനുകൾ സ്ഥാപിക്കുന്നതും ഘടനാപരമായ മാറ്റങ്ങളോടെ ആവശ്യമായ വെൻ്റിലേഷനുകൾ നിലനിർത്തുന്നതും, പുക പെട്ടെന്ന് കെട്ടിടത്തിന് പുറത്തെത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
മിക്ക തീപിടിത്തങ്ങളിലും ആളപായമുണ്ടാകുന്നത് ശ്വാസം മുട്ടൽ ഉണ്ടാകുന്നതുകൊണ്ടാണ്. അതിനാൽ, കെട്ടിടത്തിൽ നിന്ന് പുക നീക്കം ചെയ്യാൻ മികച്ച സംവിധാനം സജ്ജീകരിക്കുന്നത്, തീപിടിത്തം ഉണ്ടായാൽ ആളപായം കുറയ്ക്കാൻ സഹായിക്കും.
ടെറസിലേക്കുള്ള പ്രവേശനം
സെൻട്രൽ വിസ്തയിൽ അഗ്നിസുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അഗ്നിസുരക്ഷാ വിഭാഗവും സുരക്ഷാ ഏജൻസികളും തമ്മിൽ തർക്കമുണ്ടായത് കെട്ടിടത്തിൻ്റെ മേൽക്കൂരയിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ചായിരുന്നു.
ഉയരം കൂടിയ കെട്ടിടങ്ങളിൽ, തീപിടിത്തം ഉണ്ടാകുന്ന നിലയ്ക്ക് മുകളിലുള്ള നിലകളിൽ ഉള്ളവരെ ടെറസിലൂടെ വേഗത്തിൽ രക്ഷപെടുത്താനാകും. എന്നാൽ, ഇതിനു വേണ്ടി ടെറസിലേക്ക് പ്രവേശനം അനുവദിക്കുന്നത് സുരക്ഷാ ഏജൻസികളെ ആശങ്കയിലാക്കിയിരുന്നു എന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ, താഴെക്കൂടി രക്ഷപെടാൻ കഴിയാത്തവരെ മുകളിൽക്കൂടി രക്ഷിക്കാനാകുമെന്ന് ഒന്നിലധികം യോഗങ്ങളിൽ സുരക്ഷാ ഏജൻസികളെ ബോധ്യപ്പെടുത്താൻ അഗ്നിരക്ഷാ വിഭാഗത്തിന് കഴിഞ്ഞു. സുരക്ഷാ ഏജൻസികൾ, ടെറസിൽ അധിക സുരക്ഷാ സജ്ജീകരണങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
അഗ്നിപ്രതിരോധ ലിഫ്റ്റ് ലോബികൾ
ഡിഎഫ്എസ്സിൻ്റെ ശുപാർശയെ തുടർന്ന്, ഉയരം കൂടിയ എല്ലാ കെട്ടിടങ്ങളിലും അഗ്നിപ്രതിരോധ ലിഫ്റ്റ് ലോബികൾ സ്ഥാപിക്കാൻ ആർക്കിടെക്റ്റുകൾ പ്രത്യേകം ശ്രദ്ധിച്ചു.
ലിഫ്റ്റ് ലോബികളെ പ്രധാന കെട്ടിടത്തിൽ നിന്ന് വേർപെടുത്തിയാണ് നിർമ്മിച്ചിട്ടുള്ളതെന്നും ഇതിൻ്റെ വാതിലുകൾ തീ പ്രതിരോധിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പുകയുടെ ബുദ്ധിമുട്ടില്ലാതെ ലിഫ്റ്റ് ഉപയോഗിക്കാൻ ഇത് സഹായിക്കും. ലിഫ്റ്റ് ലോബിയിൽ നിന്ന് ദീർഘനേരം തീയെ അകറ്റിനിർത്താനും ഈ വാതിലുകൾക്ക് കഴിയും. ഇനി, ലിഫ്റ്റിൻ്റെ ഭാഗത്തു നിന്നാണ് തീപിടിത്തം ഉണ്ടാകുന്നതെങ്കിൽ, പ്രധാന കെട്ടിടത്തിലേക്ക് തീ പടരുന്നത് ഇത് തടയുകയും ചെയ്യും.
അഗ്നിപ്രതിരോധ സംവിധാനങ്ങൾ
ഘടനാപരവും രൂപകൽപ്പന സംബന്ധിച്ചതുമായ മാറ്റങ്ങൾക്ക് പുറമേ, കെട്ടിടത്തിൽ അഗ്നിപ്രതിരോധ ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിക്കാനു ഡിഎഫ്എസ് നിർദ്ദേശിച്ചിട്ടുണ്ട്. ഫയർ എക്സ്റ്റ്വിങ്വിഷറുകൾ, ഹോസ് റീലുകൾ, ഓട്ടോമാറ്റിക് ഫയർ ഡിറ്റക്ഷൻ-വാട്ടർ സ്പ്ലിങ്ക്ളർ സംവിധാനം, മാനുവൽ ഫയർ അലാറം, ഡൗൺ-കോമർ, വെറ്റ് റൈസർ, ആന്തരികവും ബാഹ്യവുമായ ഹൈഡ്രൻ്റുകൾ എന്നിവയ്ക്ക് പുറമേ ജല പമ്പുകൾ സഹിതം ഭൂമിക്കടിയിലും കെട്ടിടങ്ങൾക്ക് മുകളിലും വാട്ടർ ടാങ്കുകളും സ്ഥാപിക്കും.