ഈ സംഭവം വിവാദത്തിൽ ഉൾപ്പെട്ട എംപിമാരിൽ മിക്കവരുടെയും രാഷ്ട്രീയ ജീവിതം തന്നെ മാറ്റിമറിച്ചു. അവരിൽ ചിലർ ആരോപണങ്ങളിൽ നിന്ന് പിന്നീടൊരിക്കലും കരകയറിയില്ല. ചിലർ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ചിലർ അതേ പാർട്ടികളിൽ തുടരുകയും മറ്റു ചിലർ വേറെ പാർട്ടികളിലേക്ക് ചേക്കേറുകയും ചെയ്തു. ഇവരിൽ രണ്ടു പേർ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആലോചിക്കുന്നുണ്ട്. അന്ന് വിവാദത്തിലകപ്പെട്ട എംപിമാരെക്കുറിച്ചുള്ള വിശദവവിരങ്ങളാണ് ചുവടെ
1. അണ്ണാസാഹെബ് എം.കെ പാട്ടീൽ
ചോദ്യത്തിനു കോഴ വിവാദത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് ജീവിതം തന്നെ അവസാനിപ്പിച്ചയാളാണ് ബിജെപി എംപി ആയിരുന്ന അണ്ണാസാഹെബ് എം.കെ പാട്ടീൽ. അതിനുശേഷം അദ്ദേഹം ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല, എങ്കിലും പാർട്ടിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.
advertisement
2. യശ്വന്ത് ഗിരിധർ മഹാജൻ
1999നും 2005നും ഇടയിൽ മഹാരാഷ്ട്രയിലെ ജൽഗാവ് നിയോജകമണ്ഡലത്തിൽ നിന്ന് ബി.ജെ.പിയെ പ്രതിനിധീകരിച്ച് രണ്ട് തവണ എം.പിയായിരുന്നു യശ്വന്ത് ഗിരിധർ മഹാജൻ. 2018-ൽ 77-ആം വയസിൽ അദ്ദേഹം അന്തരിച്ചു. പാർലമെന്റിൽ നിന്നും പുറത്താക്കിയതിനു ശേഷവും അദ്ദേഹം ബി.ജെ.പി.യുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ പിന്നീട് മത്സരിച്ചിട്ടില്ല.
3. സുരേഷ് ചന്ദേൽ
ഹിമാചൽ പ്രദേശിലെ ഹമിർപൂരിൽ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് മൂന്ന് തവണലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് 63 കാരനായ ചന്ദേൽ. പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷവും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച അദ്ദേഹം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 2017ൽ ബിജെപി ടിക്കറ്റ് നൽകാതിരുന്നതിനാൽ 2019ൽ കോൺഗ്രസിലേക്ക് ചേക്കേറി. കഴിഞ്ഞ വർഷം ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ബിജെപിയിലേക്ക് മടങ്ങിയെത്തി.
4. പ്രദീപ് ഗാന്ധി
ബിജെപി എംപിയായിരുന്ന പ്രദീപ് ഗാന്ധി ചോദ്യത്തിന് കോഴ വിവാദത്തെത്തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. 2010 ൽ അദ്ദേഹം വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി.
5. ചന്ദ്ര പ്രതാപ് സിംഗ്
ബിജെപി എംപി ആയിരുന്ന ചന്ദ്ര പ്രതാപ് സിംഗും ചോദ്യത്തിനു കോഴ വിവാദത്തെത്തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. ഇപ്പോൾ മധ്യപ്രദേശിലെ ഷാഡോളിൽ താമസിക്കുന്ന അദ്ദേഹം അതിനു ശേഷം തിരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടില്ല.
6. രാജാ റാം പാൽ
ബിഎസ്പി ടിക്കറ്റിൽ മൽസരിച്ചാണ് രാജാ റാം പാൽ ലോക്സഭയിൽ എത്തിയത്. പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം, അദ്ദേഹം കോൺഗ്രസിൽ ചേരുകയും 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അക്ബർപൂരിൽ നിന്ന് വിജയിക്കുകയും ചെയ്തു. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പരാജയപ്പെട്ടു. കഴിഞ്ഞ വർഷം യുപി തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം സമാജ്‍വാദി പാർട്ടിയിൽ ചേർന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അക്ബർപൂരിൽ നിന്ന് മത്സരിക്കാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം.
Also Read- തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കി; ചോദ്യത്തിന് കോഴ ആരോപണത്തിൽ
7. നരേന്ദ്ര കുമാർ കുശ്വാഹ
നരേന്ദ്ര കുമാർ കുശ്വാഹയും ബിഎസ്പി എംപിയായാണ് പാർലമെന്റിൽ എത്തിയത്. 2014ൽ അദ്ദേഹം സമാജ്‍വാദി പാർട്ടിയിൽ ചേർന്നു, പിന്നീട് ബിഎസ്പിയിൽ തിരിച്ചെത്തി തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു.
8. ലാൽ ചന്ദ്ര കോൾ
ബിഎസ്പി എംപിയായി പാർലമെന്റിൽ എത്തിയ ലാൽ ചന്ദ്ര കോൾ നാലു വർഷം മുൻപാണ് സമാജ്‍വാദി പാർട്ടിയിൽ ചേർന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തയ്യാറെടുക്കുകയാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
9. മനോജ് കുമാർ ഭൂയാൻ
ആർജെഡി സീറ്റിൽ മൽസരിച്ചാണ് മനോജ് കുമാർ ഭൂയാൻ ലോക്‌സഭയിലെത്തുന്നത്. 2019ൽ ഭൂയാനും ഭാര്യ പുഷ ദേവിയും ബിജെപിയിലേക്കും ചേക്കേറി.
10. ഛത്തർപാൽ സിംഗ് ലോധ
2004ൽ ഒഡീഷയിൽ നിന്ന് ബിജെപിയാണ് ഛത്തർപാൽ സിംഗ് ലോധയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. പുറത്താക്കപ്പെട്ടതിനു ശേഷവും അദ്ദേഹം പാർട്ടിയിൽ തുടരുകയും 2012ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു.