6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഭവിച്ച ആശയമാണ് സനാതന ധര്‍മം എന്നത്. നിരവധി സന്യാസിമാരും ഗുരുക്കന്‍മാരും രാഷ്ട്രീയ നേതാക്കളും സനാതന ധര്‍മം ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തിയിരുന്നു. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരും ഈ ആശയത്തെ പിന്താങ്ങിയിരുന്നു.
മഹാത്മാ ഗാന്ധി
ഹിന്ദുവാണ് താന്‍ എന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയാണ് മഹാത്മാഗാന്ധി. താനൊരു സനാതന ഹിന്ദുവാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ”കിണറ്റിലെ തവള എന്നത് പോലെ ഒറ്റപ്പെട്ട ആശയമല്ല സനാതന ഹിന്ദു ധര്‍മം. അത് സമുദ്രം പോലെയാണ്. ഏത് പേരില്‍ വിളിച്ചാലും, ഈ ആശയം മനുഷ്യ രാശിയുടെ സ്വത്താണ്,” എന്നാണ് ഗാന്ധിജി ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
advertisement
ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതമെന്നും മതപീഡനങ്ങള്‍ ഭയന്ന് ഓടിയെത്തിയ ക്രിസ്ത്യാനികള്‍ക്ക് അഭയം നല്‍കിയ മതമാണ് ഹിന്ദുമതമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജൂതരേയും പാഴ്‌സികളെയും ഇതേരീതിയില്‍ സംരക്ഷിക്കാന്‍ ഹിന്ദുമതത്തിനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സ്വാമി വിവേകാനന്ദന്‍
സനാതന ധര്‍മത്തിന് ഒരു രൂപരേഖ നല്‍കിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍ എന്നു പറയാം. ദൈവത്തിലുള്ള വിശ്വാസം, വേദങ്ങളിലുള്ള വിശ്വാസം,കര്‍മ സിദ്ധാന്തത്തിലുള്ള വിശ്വാസം എന്നിവയാണ് ഹിന്ദുമതത്തിന്റെ മൂന്ന് അവശ്യഘടകങ്ങളായി അദ്ദേഹം നിര്‍വചിച്ചത്.
” ഹിന്ദുമതം പോലെ വേറൊരു മതവും മനുഷ്യത്വത്തിന്റെ മഹത്വത്തെപ്പറ്റി പറയുന്നില്ല,” എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also read-സനാതന ധര്‍മ്മ വിവാദം: ഉദയനിധി സ്റ്റാലിന്‍ മുന്‍പ് നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകള്‍
സദ്ഗുരു
ഹിന്ദു എന്നത് ഒരു മതമല്ല. മറിച്ച് ഒരു ജീവിതരീതിയാണെന്നാണ് മിസ്റ്റിക് ഗുരുവായ സദ്ഗുരു പറഞ്ഞിട്ടുള്ളത്. സനാതന നിയമം എന്നത് അനശ്വരമാണെന്നും. ആ ശാശ്വതമായ നിയമത്തിന് സംരക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാനുഷിക സംസ്‌കാരത്തെ ആഴത്തില്‍ വീക്ഷിക്കുന്ന ഒരേയൊരു സംസ്‌കാരമാണിത്. നിങ്ങള്‍ ഇവ ശരിയായ രീതിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ലോകത്തിന്റെ ഭാവി തന്നെ നിശ്ചയിക്കാനാകുമെന്നാണ് സദ്ഗുരു അഭിപ്രായപ്പെട്ടത്.
യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സനാതന ധര്‍മത്തെ ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ദേശീയ മതമാണ് സനാതന ധര്‍മം എന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഇന്ത്യന്‍ പൗരന്‍മാരും ഈ ആശയത്തെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
” സനാതന ധര്‍മ്മം ഇന്ത്യയുടെ ദേശീയ ധര്‍മ്മമാണ്. അശുദ്ധമാക്കപ്പെട്ട ആരാധാനാലയങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള പ്രചരണം ആരംഭിച്ചാല്‍ നമ്മുടെ രാജ്യം സുരക്ഷിതമായി തുടരും,” എന്നാണ് യോഗി പറഞ്ഞത്. രാജസ്ഥാനിലെ ഭീന്‍മലിലുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ വെച്ച നടത്തിയ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മദന്‍ മോഹന്‍ മാളവ്യ
അഖില ഭാരത് ഹിന്ദു മഹാസഭയുടെ സ്ഥാപകന്‍ കൂടിയാണ് മദന്‍ മോഹന്‍ മാളവ്യ. സനാതന ധര്‍മത്തില്‍ വിശ്വസിച്ചിരുന്നയാളായിരുന്നു ഇദ്ദേഹം. 1946ല്‍ തന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സനാതന ധര്‍മത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ഒരു സന്ദേശം അദ്ദേഹം നല്‍കിയിരുന്നു. സനാതന ധര്‍മ്മവും ഹിന്ദു സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി 1887ല്‍ അദ്ദേഹം ഭാരത ധര്‍മ മഹാമണ്ഡലം എന്ന സംഘടന സ്ഥാപിച്ചിരുന്നു.
അരബിന്ദോ ഘോഷ്
തത്വചിന്തകനും കവിയും ദേശീയവാദിയുമായിരുന്ന അരബിന്ദോ ഘോഷ് സനാതന ധര്‍മത്തില്‍ വിശ്വസിച്ചിരുന്നു. ലോകത്തിനും മനുഷ്യരാശിയ്ക്കും സനാതന ധര്‍മോപദേശം നല്‍കുന്ന നിലയില്‍ ഇന്ത്യ ഉയരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
” വിശ്വാസം, തൊഴില്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മറ്റ് മതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സനാതന ധര്‍മം ഒരു ജീവിതചര്യയാണ്. പുരാതന കാലം മുതല്‍ മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഇവിടെ കാത്തുസൂക്ഷിച്ച ധര്‍മ്മമാണിത്,” എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.