' സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കും, വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല': ഉദയനിധി സ്റ്റാലിന്‍
- Published by:Sarika KP
- news18-malayalam
Last Updated:
താൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാ നിയമ നടപടികളും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മം ഉന്മൂലനം ചെയ്യപ്പെടണം എന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ. താൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാ നിയമ നടപടികളും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്നത് ബിജെപിയുടെ ഒരു ശീലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“ഞാൻ പറയുന്നതിൽ എല്ലാം ഞാൻ എപ്പോഴും ഉറച്ചുനിൽക്കും. ഞാൻ അത് ആവർത്തിച്ച് പറയുന്നു . ഞാൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ‘സനാതൻ’ എന്നതിനെക്കുറിച്ച് മാത്രമാണ് ഞാൻ സംസാരിച്ചത്. അവർ പിന്തുടരുന്ന ആചാരങ്ങൾക്കെതിരെ തീർച്ചയായും നിലകൊള്ളുന്നു. ഞാൻ പറഞ്ഞതിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല ” എന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഈ പരാമർശത്തിൽ ഗവർണർക്ക് കത്ത് നൽകാൻ ഉള്ള ബിജെപിയുടെ നീക്കത്തിൽ എന്താണ് പ്രതികരണം എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ഇതിൽ ഏത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്നും ബാക്കിയെല്ലാം പൊതുജനങ്ങൾക്ക് തീരുമാനിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഉദയനിധി സ്റ്റാലിന് പിന്തുണയുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡി രാജ രംഗത്തെത്തി. സനാതന ധർമ്മം ജാതി അധിഷ്ഠിതവും പുരുഷാധിപത്യവും നിലനിൽക്കുന്നതുമാണെന്നും എന്നും ഉദയനിധി തെറ്റായി ഒന്നും പറഞ്ഞതായി താൻ കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അമിത് ഷാ അംബേദ്കറുടെ ” റിഡ്‌ഡിൽസ് ഓഫ് ഹിന്ദുയിസം” എന്ന പുസ്തകം വായിക്കണമെന്നും അപ്പോൾ ഹിന്ദുമതവും സനാതന ധർമ്മവും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുമെന്നും ഡി രാജ കൂട്ടിച്ചേർത്തു.
advertisement
ശനിയാഴ്ച റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയുമായി ഉപമിച്ച അദ്ദേഹം സനാതന ധർമ്മത്തെ എതിർക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു . ഇത് സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
“നമ്മുടെ കലൈഞ്ജർ (കരുണാനിധി) എല്ലാ ജാതിയിലും പെട്ട ആളുകൾക്ക് പൂജ ചെയ്യാനുള്ള (ക്ഷേത്ര പൂജാരി) നിയമം കൊണ്ടുവന്നു. നമ്മുടെ മുഖ്യമന്ത്രി (സ്റ്റാലിൻ) അർച്ചന ചെയ്യാനുള്ള പരിശീലനം പൂർത്തിയാക്കിയവരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചു. ഇതാണ് ദ്രാവിഡ മാതൃക”, എന്നും ഉദയനിധി പറഞ്ഞു. സനാതന ധർമം സ്ത്രീകളെ അടിമകളാക്കി, അവരെ വീടിന് പുറത്തിറങ്ങാൻ പോലും അനുവദിച്ചി. അവരിൽ ഒരു വിഭാഗമാണ് ഇപ്പോൾ കായികരംഗത്ത് നേട്ടം കൊയ്യുന്നതെന്നും സാമ്പത്തികപരമായി സ്വതന്ത്രരായി നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരാമർശം വിവാദമായതോടെയാണ് കൂടുതൽ വിശദീകരണവുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
September 04, 2023 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
' സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന പരാമർശത്തിൽ ഉറച്ചുനിൽക്കും, വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ല': ഉദയനിധി സ്റ്റാലിന്


