ജിഎസ്എൽവി മാർക് 3 ആണ് എൽവിഎം 3 എന്ന പേരിൽ പുനർനാമകരണം ചെയ്തത്. ലോ എർത്ത് ഓർബിറ്റിൽ (LEO) നിന്ന് 1,200 കിലോമീറ്റർ ഉയരത്തിലാണ് വൺവെബ് ഉപഗ്രഹങ്ങൾ ഉള്ളത്. മൊത്തം 5,796 കിലോ പേലോഡ് വഹിച്ച ആദ്യ ഇന്ത്യൻ റോക്കറ്റ് ദൗത്യം എന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്.
"വൺവെബിന് ആറ് വിക്ഷേപണങ്ങൾ ആവശ്യമായിരുന്നു. യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം ഈ ലക്ഷ്യത്തിന് തടസമായി എന്നാൽ ഇന്ത്യ ഞങ്ങൾക്ക് പിന്തുണ നൽകി. മുൻഗണനാടിസ്ഥാനത്തിൽ ഞങ്ങൾ രണ്ട് ലോഞ്ചുകൾ കൊണ്ടുവന്നു", വൺവെബ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
advertisement
ചരിത്രപരമായ ദൗത്യം എന്നാണ് ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് ഈ ദൗത്യത്തെ വിശേഷിപ്പിച്ചത്. "ഐഎസ്ആർഒയുടെ എൽവിഎം3 റോക്കറ്റ്, സ്വകാര്യ കമ്മ്യൂണിക്കേഷൻസ് സ്ഥാപനമായ വൺവെബിന്റെ 36 ഉപഗ്രഹങ്ങളാണ് വഹിക്കുന്നത്. 36 വൺവെബ് ഉപഗ്രഹങ്ങളുടെ മറ്റൊരു സെറ്റ് അടുത്ത വർഷം ആദ്യം വിക്ഷേപിക്കും'', എസ് സോമനാഥ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ പിന്തുണയോടെയാണ് ഈ ദൗത്യം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് ശ്രീഹരിക്കോട്ടയിൽ തുടക്കം കുറിച്ചുവെന്നായിരുന്നു വിക്ഷേപണം വിജയകരമാണെന്ന് അറിയിച്ചുകൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ എത്തിച്ചതായും ഐഎസ്ആർഒ അറിയിച്ചു.
Also read : ചരിത്ര നേട്ടവുമായി ISRO ; എല്‍.വി.എം-3 വിക്ഷേപണം വിജയം, 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
ഇന്റർനെറ്റ് സേവനം എത്തിക്കുക അസാധ്യമാണെന്ന് കരുതിയിരുന്ന മേഖലകളിലേക്കു കൂടി കണക്റ്റിവിറ്റി നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിക്ഷേപണം. വിക്ഷേപണത്തിനായി 1000 കോടിയിലധികം രൂപ കരാറിലാണ് വൺവെബ് ഒപ്പുവെച്ചത്. സമാനമായ മറ്റൊരു ജിഎസ്എൽവി വിക്ഷേപണം 2023 ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also read : വാണിജ്യ വിക്ഷേപണ രംഗത്ത് പുതുചരിത്രം കുറിക്കാന്‍ ISRO ; SSLV-D1 വിക്ഷേപണം
യുകെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവനദാതാക്കളാണ് വൺവെബ്. ഇവർ ഉപഗ്രഹങ്ങളിൽ നിന്നു നേരിട്ട് ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. സർക്കാരുകൾക്കും ബിസിനസുകൾക്കും വൺവെബ് കമ്പനി ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നുണ്ട്. ഭാരതി എയർടെലിനും വൺവെബിൽ ഓഹരി പങ്കാളിത്തമുണ്ട്.