സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും കോളേജുകളും ഒരു സിലബസ് പിന്തുടരണമെന്ന് തമിഴ്‌നാട് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കൗണ്‍സിലിന്റെ പ്രഖ്യാപനം.
എന്നാല്‍ ഈ ഉത്തരവിനെതിരെ സര്‍വകലാശാലകളിലേയും കോളേജുകളിലെയും അധ്യാപകര്‍ രംഗത്തെത്തുകയായിരുന്നു. നടപടി പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരായ ഡിഎംകെയുടെ നിലപാടിന് വിരുദ്ധമാണ് ഈ നടപടിയെന്നാണ് അധ്യാപകരുടെ വിമര്‍ശനം.
എന്താണ് പൊതു സിലബസുമായി ബന്ധപ്പെട്ട പ്രശ്‌നം?
നിലവിലെ കോഴ്‌സിന്റെ 25 ശതമാനം പരിഷ്‌കരിക്കാനുള്ള സ്വയംഭരണാവകാശം സംസ്ഥാനത്തെ കോളേജുകള്‍ക്ക് ഉണ്ടായിരിക്കുമെന്നും പാഠ്യപദ്ധതിയുടെ 75 ശതമാനം സംസ്ഥാനത്ത് ഉടനീളം ഒരുപോലെയായിരിക്കണമെന്നുമാണ് തമിഴ്‌നാട് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഉത്തരവില്‍ പറയുന്നത്. തുടര്‍ന്ന് സര്‍വകലാശാലകള്‍ക്കായുള്ള പൊതു സിലബസ് വികസിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ കൗണ്‍സിലിനെ ഏല്‍പ്പിക്കുകയും ചെയ്തു.
advertisement
ആഗ്രഹിക്കുന്ന രീതിയില്‍ ഒരു കോളേജില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ തീരുമാനം ഗുണകരമാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ. പൊന്‍മുടി പറഞ്ഞു. എല്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കും ഒരേ സിലബസ് പിന്തുടരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ സിലബസ് കാലഹരണപ്പെട്ടതാണെന്നാണ് അധ്യാപകരുടെ വിമര്‍ശനം. സിലബസ് തയ്യാറാക്കുമ്പോള്‍ അധ്യാപകരോട് കൂടിയാലോചിക്കണമായിരുന്നുവെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടി. തങ്ങളോട് ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണിതെന്നും അവര്‍ പറഞ്ഞു.
” ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ ഈ സിലബസ് കാലഹരണപ്പെട്ടതാണ്. ഞാന്‍ സിലബസ് ബോര്‍ഡില്‍ ഉണ്ടായിരുന്നയാളാണ്. എന്റെ വിഷയമായ സൈക്കോളജിയിലെ പൊതു സിലബസ് ശുദ്ധ മണ്ടത്തരമാണ്. ഒരു പത്ത് വര്‍ഷമെങ്കിലും പഴക്കം സിലബസിനുണ്ട്. സിലബസ് ഒന്നുകൂടി പുനപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,’ തമിഴ്‌നാട് ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. വീരമണി പറഞ്ഞു.
സംസ്ഥാന സര്‍വകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാനും യുജിസി അധികാരം എടുത്തുകളയാനുമുള്ള ശ്രമമാണിതെന്നും അധ്യാപക സംഘടനകള്‍ വിമര്‍ശിച്ചു. കൂടാതെ തമിഴ്‌നാട് സര്‍വകലാശാല നിയമത്തിന്റെ ലംഘനമാണ് പുതിയ ഉത്തരവെന്നും അധ്യാപകര്‍ പറയുന്നു.
പ്രതിഷേധം ശക്തം
പൊതു സിലബസ് അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുവെന്ന് സ്റ്റേറ്റ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് കോളേജ് ടീച്ചേഴ്സ് (ജെഎസി) അംഗങ്ങള്‍ അറിയിച്ചു. നടപടി പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഇവര്‍ പറയുന്നു.
സിലബസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെഎസി പ്രതിനിധികള്‍ ഈ മാസാമാദ്യം മധുരയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്നു. സിലബസ് രൂപീകരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സിലബസ് പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ജെഎസി അറിയിച്ചത്.
ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ത്ത് ഡിഎംകെ
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്ന നിലപാടാണ് ഡിഎംകെ സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ഡിഎംകെ അറിയിച്ചിരുന്നു.
സംസ്ഥാനത്തിനായി സ്വന്തമായി ഒരു വിദ്യാഭ്യാസ നയമുണ്ടാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആ നയത്തില്‍ നിന്ന് വ്യത്യസ്തമാണ് പൊതു സിലബസ് എന്ന് അധ്യാപകർ പറയുന്നു.
Also Read- ‘സിന്ധു’വിൽ നിന്ന് ഉത്ഭവിച്ച ‘ഇന്ത്യ’; പേരിന്റെ പിറവിയെക്കുറിച്ച് വിശദമായി അറിയാം
വിദ്യാഭ്യാസം എന്നത് സംസ്ഥാനതല പട്ടികയിലുള്‍പ്പെട്ട വിഷയമാണെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞത്. രാജ്യവ്യാപകമായി ഒരു വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഡിഎംകെ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. പുതിയ വിദ്യാഭ്യാസ നയം സംസ്‌കൃതത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അത് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് എതിരാണെന്നും ഡിഎംകെ പറഞ്ഞിരുന്നു.